ഇന്ത്യന്‍ റുപ്പിക്ക് സംസ്ഥാന അവാര്‍ഡ് - വായനക്കാര്‍ക്ക് വിലയിരുത്താം
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഇന്ത്യന്‍ റുപ്പിക്ക് 2011ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരിക്കുന്നു. രഞ്ജിത് ഒരുക്കിയ ഇന്ത്യന്‍ റുപ്പിക്കായിരുന്നു മികച്ച മലയാളത്തിനുള്ള ദേശീയ അവാര്‍ഡും. ഇന്ത്യന്‍ റുപ്പി പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ യാത്രി ജെസെന്‍ എഴുതിയ നിരൂപണം മലയാളം വെബ്ദുനിയ പുന:പ്രസിദ്ധീകരിക്കുന്നു. വായനക്കാര്‍ക്ക് ചിത്രം വിലയിരുത്താം.
പ്രാഞ്ചിയേട്ടനു ശേഷം രഞ്ജിത് വീണ്ടും ഒരു നല്ല സിനിമ തന്നിരിക്കുകയാണ്. ‘ഇന്ത്യന്‍ റുപ്പി’ എന്ന സിനിമ ഒരു മാസ് മസാല പടമല്ല. ഒരു ആക്ഷന്‍ ത്രില്ലറല്ല. ഓരോ പതിനഞ്ച് മിനിറ്റിലും ട്വിസ്റ്റുകള്‍ പ്രതീക്ഷിച്ച് തിയേറ്ററുകളിലെത്തുന്നവരെ തൃപ്തിപ്പെടുത്തുന്ന സിനിമയുമല്ല. ഇത് ഒരു സന്ദേശമാണ്. പണമുണ്ടാക്കാനുള്ള വ്യഗ്രതയ്ക്കിടെ സ്വന്തം ജീവിതം പോലും മറന്നുപോകുന്ന യുവജനതയ്ക്ക് നന്‍മയുള്ള ഒരു സന്ദേശം.
വലിയ മഹാഭാരതമൊനും വിവരിക്കുന്നില്ല ഈ സിനിമ. വളരെ സിംപിള്‍ ആയ പ്ലോട്ട്. അതിന് അര്‍ഹിക്കുന്ന ട്രീറ്റുമെന്‍റ്. ഏതു കൊച്ചുകുട്ടിക്കും മനസിലാകുന്ന ലളിതമായ സംഭാഷണ ശൈലി. സമൂഹത്തിലെ നീതികേടുകളെയും തെറ്റായ പ്രവണതകളെയും കുറിക്കുകൊള്ളുന്ന പരിഹാസത്തിലൂടെ തിരുത്താനുള്ള ശ്രമമാണ് രഞ്ജിത് നടത്തിയിരിക്കുന്നത്.
തിയേറ്ററില്‍ വലിയ ആള്‍ക്കൂട്ടമൊന്നും ഉണ്ടായിരുന്നില്ല. അഞ്ചുവര്‍ഷം മുമ്പ് രഞ്ജിത് ചിത്രം കാണാന്‍ ആര്‍ത്തുവരുന്ന ജനമൊന്നും ഇപ്പോള്‍ ഇല്ല. നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ ചെറിയ കൂട്ടമാണ് തിയേറ്ററിനുള്ളിലിരുന്ന്, രഞ്ജിത് എഴുതിയ ഇമോഷന്‍സ് ഏറ്റുവാങ്ങിയത്. ചിത്രത്തില്‍ താരങ്ങളില്ല. കഥാപാത്രങ്ങളേയുള്ളൂ. പൃഥ്വിരാജും തിലകനുമില്ല. ജെ പിയും അച്യുതമേനോനും മാത്രം.