കഥകളുടെ കസ്തൂരിമാന്‍ !

രവിശങ്കരന്‍

WEBDUNIA|
PRO
ലോഹിതദാസിനെ തിരക്കഥയുടെ മന്ത്രവാദി എന്നു വിശേഷിപ്പിച്ചത് പ്രശസ്ത സാഹിത്യകാരനായ കെ സുരേന്ദ്രനാണ്. ‘കഥയുടെ കാണാപ്പുറങ്ങള്‍’ എന്ന പുസ്തകത്തിന്‍റെ അവതാരികയില്‍. ഒറ്റത്തടിയില്‍ തീര്‍ത്ത കഥകളെന്നും അദ്ദേഹം ലോഹിയുടെ സിനിമകളെ വിശേഷിപ്പിച്ചു. അതെ, ഒട്ടും കലര്‍പ്പില്ലാത്ത കഥാശില്‍‌പങ്ങളായിരുന്നു ആ തൂലികയില്‍ നിന്ന് ഒഴുകിവീണത്.

കഥകള്‍ നിറഞ്ഞ വഞ്ചിയുമായി മലയാളത്തിന്‍റെ പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ മരണത്തിന്‍റെ ആഴക്കടലിലേക്ക് ഇറങ്ങിപ്പോയിട്ട് മൂന്നുവര്‍ഷം തികഞ്ഞിരിക്കുന്നു. കഥകളുടെ മുത്തും പവിഴവുമായി അദ്ദേഹം തിരിച്ചുവരാതിരിക്കില്ല എന്ന പ്രതീക്ഷയുമായി കണ്ണീരണിഞ്ഞ് മലയാളം.

മരണം എന്നും നഷ്ടങ്ങള്‍ മാത്രം നല്‍കുന്നതാണെന്ന് തന്‍റെ പല കഥാപാത്രങ്ങളിലൂടെ ലോഹിതദാസ് വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം മരണം മലയാള സിനിമയ്ക്കും നഷ്ടങ്ങളുണ്ടാക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം ‘മരണശേഷം മാത്രമേ ഞാന്‍ അംഗീകരിക്കപ്പെടൂ’ എന്ന് ഒരു അഭിമുഖത്തില്‍ ലോഹി മനസു തുറന്നത്.

കാല്‍പ്പനികമായ ഒരു ചിന്ത മരണത്തേക്കുറിച്ച് ലോഹിതദാസിന് ഇല്ലായിരുന്നു. മരണം മോഹിക്കുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്‍റെ തൂലികയില്‍ നിന്ന് ഒരിക്കലും പിറന്നില്ല. ജീവിത സാഹചര്യങ്ങളും സംഘര്‍ഷങ്ങളും നിസഹായതകളും പല കഥാപാത്രങ്ങളെയും മരണത്തിന്‍റെ ചതിക്കുഴിയിലേക്ക് വലിച്ചെറിയുകയായിരുന്നു. മരണത്തിനപ്പുറത്തേക്കും അദ്ദേഹത്തിന്‍റെ ചില കഥാപാത്രങ്ങള്‍ വളര്‍ന്നു. ഓര്‍മ്മച്ചെപ്പിലെ ജീവന്‍ എന്ന കഥാപാത്രം, അടുത്ത ജന്‍‌മത്തിലേക്കും കാത്തിരിക്കുകയാണ്. തന്‍റെ പ്രണയം സാക്ഷാത്കരിക്കാന്‍.

തനിയാവര്‍ത്തനത്തില്‍ മരണമെത്തുന്നത് ബാലന്‍‌മാഷ് ആഗ്രഹിച്ചിട്ടല്ല. സമൂഹം ആ വിധി അടിച്ചേല്‍പ്പിക്കുകയായിരുന്നു. അമ്മ നല്‍‌കിയ വിഷച്ചോറുരുള നിറകണ്ണുകളോടെയാണ് ബാലന്‍‌മാഷ് കഴിക്കുന്നത്. ജീവിതത്തോടുള്ള കൊതി അദ്ദേഹത്തിന് തീര്‍ന്നിട്ടുണ്ടായിരുന്നില്ല. സമൂഹം ഭ്രാന്തനാക്കിയ ശ്രീധരമ്മാമ ആത്മഹത്യ ചെയ്തതും ജീവിതത്തോടുള്ള ആഗ്രഹം അവസാനിച്ചിട്ടല്ല. തന്‍റെ ജീവിതം ആ വീട്ടിലെ പെണ്‍‌കുട്ടിയുടെ വിവാഹം മുടക്കിയതിന്‍റെ ദുഃഖഭാരത്താലാണ്.

വിചാരണയിലെ അഭിഭാഷകന്‍ ആത്മഹത്യ ചെയ്തത് തന്‍റെ എല്ലാമെല്ലാമായ ഭാര്യയെ വേര്‍‌പെടുന്നതിന്‍റെ സങ്കടം താങ്ങാനാകാതെയാണ്. അയാളെത്തേടി അവളെത്തിയെങ്കിലും, വൈകിപ്പോയിരുന്നു. കൈത്തണ്ടയിലെ നീലഞരമ്പുകള്‍ അറുത്ത് ചോരയില്‍ കുളിച്ച് അയാള്‍ കിടന്നു.

അടുത്ത പേജില്‍ - രചനയുടെ മാന്ത്രികത


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :