'ഒടിയൻ' അവകാശം ആശിർവാദ് സിനിമാസിനു മാത്രമല്ലേ? എങ്ങനെ ഈ സിനിമ നടക്കും !
എട്ട് വർഷങ്ങൾക്കു മുൻപാണ് 'ഒടിയൻ' എന്ന പേരിൽ മലയാളത്തിൽ സിനിമ ഇറങ്ങുന്നത്
രാഹുൽ സദാശിവൻ സംവിധാനം ചെയ്യാൻ പോകുന്ന 'ഒടിയൻ' ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം. പൃഥ്വിരാജും മഞ്ജു വാരിയറുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അതേസമയം മോഹൻലാലിനെ നായകനാക്കി വി.എ.ശ്രീകുമാർ സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ 'ഒടിയൻ' സിനിമയിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്.
എട്ട് വർഷങ്ങൾക്കു മുൻപാണ് 'ഒടിയൻ' എന്ന പേരിൽ മലയാളത്തിൽ സിനിമ ഇറങ്ങുന്നത്. ഇപ്പോൾ അതേ പേരിൽ തന്നെ വീണ്ടുമൊരു സിനിമ ! അത് എങ്ങനെ സാധ്യമാകുമെന്ന സംശയം മലയാള സിനിമ ആരാധകർക്കുണ്ട്. എന്നാൽ 'ഒടിയൻ' എന്ന പേരുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും കൃത്യമായി പൂർത്തിയാക്കിയ ശേഷമാണ് പുതിയ 'ഒടിയൻ' പ്രഖ്യാപിച്ചിരിക്കുന്നത്.
മോഹൻലാൽ ചിത്രം 'ഒടിയൻ' നിർമിച്ച ആശിർവാദ് സിനിമാസിൽ നിന്ന് ഈ പേര് വീണ്ടും ഉപയോഗിക്കുന്നതിൽ എതിർപ്പില്ല എന്നുകാണിക്കുന്ന 'നോൺ ഒബ്‌ജെക്ഷൻ സർട്ടിഫിക്കറ്റ്' പുതിയ സിനിമയുടെ നിർമാതാക്കൾ നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്. എൻഒസി ഉള്ളതിനാൽ വീണ്ടും ഇതേ പേരിൽ സിനിമ ചെയ്യാൻ നിയമപരമായ തടസങ്ങളില്ല.