രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മധ്യ, വടക്കേ ഇന്ത്യകളില്‍ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിച്ചു. യുപി, ബീഹാര്‍, ഡല്‍ഹി എന്നിവയുള്‍പ്പെടെ ഏകദേശം 17 സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. പല സ്ഥലങ്ങളിലും വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇത് വടക്കേ ഇന്ത്യയെയും മധ്യ ഇന്ത്യയെയും ബാധിക്കുമെന്നും പറയപ്പെടുന്നു. ഇക്കാരണത്താല്‍, യുപിയിലും മധ്യപ്രദേശിലുമാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്. 2-3 ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.
ഐഎംഡിയുടെ കണക്കനുസരിച്ച്, ഓഗസ്റ്റ് 24 ന് ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഒഡീഷ, ഗുജറാത്ത് എന്നിവിടങ്ങളില്‍ മഴ പ്രതീക്ഷിക്കാം. ചില സ്ഥലങ്ങളില്‍ നേരിയ മഴയും ചില സ്ഥലങ്ങളില്‍ കനത്ത മഴയും ഉണ്ടാകും. ഡല്‍ഹി-എന്‍സിആറില്‍ രാവിലെ മുതല്‍ മേഘാവൃതമായ കാലാവസ്ഥയാണ്. ശക്തമായ കാറ്റിനൊപ്പം മഴയും പെയ്യുന്നു.
യുപിയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് സ്ഥിതി കൂടുതല്‍ വഷളാകാന്‍ തുടങ്ങിയിരിക്കുന്നു. 14 ലധികം ജില്ലകളില്‍ വെള്ളപ്പൊക്ക സമാനമായ സാഹചര്യമുണ്ട്. പ്രയാഗ്രാജ്, വാരണാസി, ബരാബങ്കി, സോന്‍ഭദ്ര, മിര്‍സാപൂര്‍ എന്നിവിടങ്ങളില്‍ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. നദികളുടെയും അരുവികളുടെയും അടുത്തേക്ക് പോകരുതെന്നും സുരക്ഷിത സ്ഥലങ്ങളില്‍ താമസിക്കണമെന്നും ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു. പല ഗ്രാമങ്ങളിലും കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി.
