മമ്മൂട്ടിക്ക് ആദ്യ നൂറ് കോടി; നേട്ടം മൂന്ന് ദിവസം കൊണ്ട്, ധനുഷിന്റെ തിരിച്ചുവരവ്
ധനുഷിനെയും മമ്മൂട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത 'ഓംഃ ചാപ്റ്റർ 1 - ഉധിരം' ബോക്‌സ്ഓഫീസിൽ നിന്ന് 100 കോടി സ്വന്തമാക്കി.
റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ആണ് 'ഓം' നൂറ് കോടി ക്ലബിൽ കയറിയിരിക്കുന്നത്. 101.7 കോടി ഇതുവരെ കളക്ട് ചെയ്തതായി നിർമാതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. റിലീസിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്ന് ചിത്രം എങ്ങനെ പിടിച്ചു നിൽക്കുന്നു എന്നത് അടിസ്ഥാനമാക്കിയായിരിക്കും തുടർന്നുള്ള ബോക്‌സ്ഓഫീസ് പ്രകടനം നിശ്ചയിക്കപ്പെടുക.
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത 'ഓം' ശേഷാചലം കാടുകളിൽ നിന്നുള്ള രക്തചന്ദനക്കടത്താണ് പ്രമേയമാക്കിയിരിക്കുന്നത്. രക്തചന്ദനക്കടത്ത് സംഘത്തിലെ സുപ്രധാനിയാണ് മമ്മൂട്ടിയുടെ ബർമ കാർത്തികേയൻ എന്ന കഥാപാത്രം. ഈ നെക്സസിനെ കുറിച്ച് അന്വേഷിക്കാനും രക്തചന്ദനക്കടത്ത് സംഘത്തെ പൂട്ടാനുമായി ഈ സംഘത്തിനൊപ്പം ചേരുന്ന അണ്ടർകവർ ഏജന്റായാണ് ധനുഷിന്റെ കഥാപാത്രമെത്തുന്നത്. സായ് പല്ലവിയാണ് ചിത്രത്തിൽ നായിക. രണ്ടാം ചാപ്റ്ററിലേക്കുള്ള സാധ്യതകൾ തുറന്നിട്ടാണ് ചാപ്റ്റർ 1 അവസാനിക്കുന്നത്.
