1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Lakshmi Priya against Defamation Video

'എനിക്ക് കള്ളൊഴിച്ചു തന്നത് നിങ്ങളാണോ?'; യുട്യൂബ് വ്‌ളോഗർക്കെതിരെ ലക്ഷ്മിപ്രിയ

വ്യക്തി അധിക്ഷേപത്തിൽ കൊച്ചി പൊലീസ് കമ്മീഷണർക്കു പരാതി നൽകാനാണ് നടിയുടെ തീരുമാനം

Lakshmi Priya
സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയ യുട്യൂബ് വ്‌ളോഗർക്കെതിരെ നടി ലക്ഷ്മിപ്രിയ. ലക്ഷ്മിപ്രിയ പലപ്പോഴും മദ്യപിച്ച് ലക്കുകെട്ടാണ് പെരുമാറാറുള്ളതെന്നും സ്വന്തം സ്വാധീനവും പിടിപാടും ഉപയോഗിച്ച് ഗുണ്ടായിസം കാണിക്കുകയാണെന്നും യുട്യൂബ് ബ്ലോഗർ ആരോപിച്ചിരുന്നു. ഈ വീഡിയോയ്‌ക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. 
 
വ്യക്തി അധിക്ഷേപത്തിൽ കൊച്ചി പൊലീസ് കമ്മീഷണർക്കു പരാതി നൽകാനാണ് നടിയുടെ തീരുമാനം. പരാതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാളെ വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു. 
 
' എന്നെക്കുറിച്ച് എന്റെ വീട്ടിൽ വന്നു നിന്ന് കണ്ടത് പോലെ, എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ പോസ്റ്റ് ഇടുമ്പോ ഞാനും ഒരു പരസ്യം കൊടുക്കണമല്ലോ? വായിച്ചു നോക്കിയിട്ട് നിങ്ങൾക്കുള്ള അഭിപ്രായം നിങ്ങൾക്കും രേഖപ്പെടുത്താം. ഒരു കാര്യം ഞാൻ തീർത്തു പറയാം. എനിക്ക് നിങ്ങൾ കാണുന്ന അഹങ്കാരം, അത് അഹങ്കാരമല്ല, എന്റെ ആത്മവിശ്വാസമാണ്. എന്റെ പിന്നിൽ അല്ല ആളുള്ളത്. മുന്നിൽ ആണ്. ഈശ്വരൻ ആണ് മുന്നേ നടന്ന് എന്നെ നയിക്കുന്ന ശക്തി. പിന്നെ, നെറികേടുകൾ പറഞ്ഞ് അരി വാങ്ങുന്ന പരമൻമാരോട്, വളയ്ക്കാം പക്ഷേ ഒടിക്കരുത്. നാളെ വൈകുന്നേരം ഞാൻ ഒരു സ്റ്റേറ്റ്‌മെന്റ് പുറത്ത് വിടും. എന്താണ് എന്നോട് ഈ വൈരാഗ്യത്തിന് കാരണം എന്ന്. കൊച്ചി സിറ്റി പോലിസ് കമ്മീഷണർക്ക് ലക്ഷ്മി പ്രിയ എന്ന ഞാൻ കൊടുക്കുന്ന മൊഴിയാണ്, താരം പറഞ്ഞു. 
 
നാളിതുവരെ കള്ളംപറഞ്ഞ് ജീവിച്ചിട്ടില്ല. ഒരാളെയും വഞ്ചിച്ചിട്ടില്ല. താൻ അറിഞ്ഞോ അറിയാതെയോ ഒരാളുടെയും നാശത്തിനു കാരണമായിട്ടില്ലെന്നും ലക്ഷ്മിപ്രിയ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. തനിക്കെതിരെ വീഡിയോ ചെയ്ത യുട്യൂബറുടെ ചിത്രവും ലക്ഷ്മിപ്രിയ പങ്കുവെച്ചിട്ടുണ്ട്. 
 
യുട്യൂബറുടെ വീഡിയോ നേരത്തെ വിവാദമായിരുന്നു. തന്റെ സ്വാധീനം വെച്ച് പലരെയും ലക്ഷ്മിപ്രിയ ഭീഷണിപ്പെടുത്തി ഗുണ്ടായിസം കാണിക്കുകയാണെന്ന് ഇതിൽ പറയുന്നുണ്ട്. തങ്ങളുടെ പഴയകാലത്തെ മോശം കാര്യങ്ങളെല്ലാം പുറത്തുവരുമെന്ന ഭയം ലക്ഷ്മിപ്രിയയ്ക്കുണ്ടെന്നും അതുകൊണ്ടാണ് അവർ മറ്റുള്ളവർക്കെതിരെ തിരിയുന്നതെന്നും വ്‌ളോഗർ വീഡിയോയിൽ ആരോപിക്കുന്നു.
അടുത്ത ലേഖനം
പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്നു; നിസാം ബഷീറിന്റെ 'ഐ നോബഡി' ജൂലൈ 9ന് തിയേറ്ററുകളിലേക്ക്