നിഹാരിക കെ.എസ്|
Last Modified തിങ്കള്‍, 12 മെയ് 2025 (16:48 IST)
തമിഴ് സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു നടൻ രവി മോഹ(ജയം രവി)ന്റെയും ആർതി രവിയുടെയും വിവാഹമോചന വാർത്ത. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു 15 വർഷ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നുവെന്ന് ജയം രവി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വിവാഹമോചനം രവിയുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും തന്നെ അറിയിച്ചിട്ടില്ലെന്നും ഭാര്യ ആരതി പറഞ്ഞു.
വേര്‍പിരിയല്‍ തീരുമാനിച്ചതിന് ശേഷം അമ്മയെന്ന നിലയില്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും ജയം രവി മക്കളെ അവഗണിക്കുകയാണെന്നും ആരതി കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞത് ഏറെ ചർച്ചയായി. ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള അടുപ്പമാണ് രവി മോഹന്റെയും ആർതിയുടെയും വിവാഹമോചനത്തിന് കാരണമെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഒരിക്കൽ കെനിഷ ഇക്കാര്യങ്ങൾ നിഷേധിക്കുകയും ചെയ്തു.
വേല്‍സ് ഫിലിംസ് ഉടമയുടെ മകളുടെ വിവാഹത്തിന് രവിയും കെനിഷയും ആഘോഷ വസ്ത്രങ്ങള്‍ ധരിച്ച് തന്നെയാണ് എത്തിയത്. പരമ്പരാഗത ഷർട്ടും ധോത്തിയും ധരിച്ചാണ് നടൻ എത്തിയതെങ്കിലും, കെനിഷ ബോർഡറിൽ എംബ്രോയ്ഡറി ചെയ്ത സ്വർണ്ണ നിറത്തിലുള്ള സാരിയാണ് തിരഞ്ഞെടുത്തത്. ഇതിനിടെയാണ് ഇരുവരും വീണ്ടും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.