എന്താണീ എബോള? എബോളയേ പേടിക്കണോ?

VISHNU.NL| Last Updated: തിങ്കള്‍, 11 ഓഗസ്റ്റ് 2014 (18:46 IST)
രോഗം ബാധിച്ചാല്‍ മരണപ്പെടുമോ?

നിലവില്‍ റിപ്പൊര്‍ട്ട് ചെയ്തിരിക്കുന്ന മെഡിക്കല്‍ കേസുകളില്‍ ഭൂരിഭാഗവും മരണപ്പെട്ടിരിക്കുന്നതായാണ് വിവരം. എന്നാല്‍ ഇവയെല്ലാം മോശമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്. രോഗത്തിന് വ്യക്തമായ പ്രതിവിധികളില്ലെങ്കിലും മറ്റ് വൈറസ് രോഗങ്ങളെന്നപോലെ രോഗലക്ഷണങ്ങളെ ചികിത്സിച്ച് രോഗിയെ സുഖപ്പെടുത്താന്‍ സാധിക്കും.

എന്നാല്‍ ഇത് രോഗം ബാധിച്ച് ആദ്യ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോള്‍ തന്നെ തുടങ്ങണം. എന്നാല്‍ മാത്രമേ രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കു. രോഗ ലക്ഷണങ്ങള്‍ ഇല്ലാതായാലും പ്രതിരോധ വ്യവസ്ഥയേ കബളിപ്പിച്ച് ശരീരത്തില്‍ ഈ വൈറസുകള്‍ കുറച്ചുകാലം കൂടി നിലനില്‍ക്കും. അതിനാല്‍ രോഗിയുമായി 40 ദിവസത്തിനുള്ളിലെ ലൈഗിക ബന്ധം ഒഴിവാക്കുകയാണ് നല്ലത്.

മെര്‍സിനെ അപേക്ഷിച്ചു എബോള പിടിപെട്ടാല്‍ രക്ഷപ്പെടാനുള്ള സാധ്യത ഏറെ കുറവാണ്‌. മെര്‍സ്‌ പിടിപെട്ടാല്‍ 40 ശതമാനംവരെ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും എബോള പിടിപ്പെട്ടാല്‍ 10 ശതമാനം മാത്രമാണു രക്ഷപ്പെടാനുള്ള സാധ്യത.

രോഗം ഇന്ത്യയിലെത്തുന്നത് തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന നടപടികളെന്തൊക്കെ?
 

മാരകരോഗമായ എബോളയെ തടയാന്‍ സംസ്‌ഥാനത്തു നടപ്പാക്കുന്നതു മെര്‍സിനെതിരേ നടപ്പാക്കിയ സുരക്ഷാക്രമീകരണങ്ങള്‍. രോഗം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ഗിനിയ, ലൈബീരിയ, നൈജീരിയ, സിയാറ ലിയോണ്‍ എന്നിവിടങ്ങളില്‍ നിന്നു വിമാനത്താവളം വഴിയെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും പരിശോധിക്കാനും നിര്‍ദേശമുണ്ട്‌. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്നു കാണിച്ച്‌ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലും പ്രത്യേകം ബോര്‍ഡും വച്ചുകഴിഞ്ഞു.

ശക്‌തമായ പേശിവലിവ്‌, കടുത്തപനി, കഠിനമായ തളര്‍ച്ച, ശരീരത്തില്‍ ചുവന്ന തുടിപ്പുകള്‍, കടുത്ത തലവേദന എന്നീ രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാനാണു ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. തിരുവനന്തപുരം വിമാനത്താവളത്തില്‍ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയാല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലോ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലോ എത്തിക്കാനാണു നിര്‍ദേശം.

നെടുമ്പാശേരിയിലും കരിപ്പൂരിലും എത്തുന്ന രോഗലക്ഷണങ്ങളുള്ളവരെ തൊട്ടടുത്ത ജനറല്‍ ആശുപത്രിയിലോ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലോ എത്തിക്കണം.
തുടര്‍ന്നു ടെസ്‌റ്റുകള്‍ക്കാവശ്യമായ രക്‌തം ശേഖരിച്ചു 24 മണിക്കൂറിനുള്ളില്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെത്തിക്കണം. ഒരോ വിമാനത്താവളത്തിലും പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എബോള വൈറസ്‌ പടരുന്നത്‌ തടയാനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കണ്‍ട്രോള്‍റൂം തുറന്നിട്ടുണ്ട്. എബോള സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യ മന്ത്രാലയം ഹെല്‍പ്‌ ലൈനും തുടങ്ങിയിട്ടുണ്ട്‌. 01123061469 ആണു ഹെല്‍പ്‌ ലൈന്‍ നമ്പര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :