ജോണ്‍ കെ ഏലിയാസ്|
Last Updated:
തിങ്കള്‍, 11 ഓഗസ്റ്റ് 2014 (18:50 IST)
പാര്‍ട്ടിയിലെ ചരിത്ര പ്രതിസന്ധി, അതുമാത്രമേ സിപിഐയുടെ ഈ അവസ്ഥയെ വിശേഷിപ്പിക്കാനാകൂ. ദേശീയ നേതാവ് സി ദിവാകരന്‍, പി രാമചന്ദ്രന്‍ നായര്‍, ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി, പാറശാലയില്‍ നിന്നുള്ള ജി സുശീലന്‍ എന്നിവര്‍ക്കെതിരേ നടപടിയുണ്ടായി. പണം മേടിച്ച് സീറ്റ് നല്‍കിയെന്നും വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും വരെ നീളുന്നു കമ്മീഷന്റെ കണ്ടെത്തല്‍. പാര്‍ട്ടി സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് മേലും അച്ചടക്ക നടപടിയെന്ന ഡമോക്ലീസിന്റെ വാളുണ്ട്.
പാര്‍ട്ടിയുടെ നിയസഭ കക്ഷി നേതാവും ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് സി ദിവാകരന്‍. സംസ്ഥാന എക്‌സിക്യൂട്ടീവില്‍ നിന്ന് സംസ്ഥാന കൗണ്‍സിലിലേക്ക് തരം താഴ്ത്തി.
പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുഖപത്രമായ ജനയുഗത്തിന്റെ സിഎംഡിയും ആയിരുന്നു പി രാമചന്ദ്രന്‍ നായര്‍. ഇപ്പോള്‍ ജില്ലാ കൗണ്‍സിലിലേക്ക് തരം താഴ്ത്തി. ജനയുഗത്തിന്റെ സിഎംഡി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.
സിപിഐ ജില്ലാ സെക്രട്ടറിയായിരുന്നു വെഞ്ഞാറമൂട് ശശി. ഇദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റി. വാര്‍ത്ത ചോര്‍ത്തലാണ് ശശിക്ക് വിനയായത്. എന്നാല്‍ ഇതൊന്നുമല്ല, വെറും അച്ചടക്കനടപടി എന്നാണ് ഔദ്യോഗിക ഭാഷ്യം.
നടപടിക്ക് വിധേയരായവര്‍ പരസ്പരം ചെളിവാരിയെറിയല്‍ തുടരുകയാണ്. എന്തായാലും സാധാരണ ജനങ്ങള്‍ക്ക് പോലും ഒരു കാര്യം വായിച്ചെടുക്കും, രണ്ടോ മൂന്നോ പേര്‍ വിചാരിച്ചാല്‍ സ്ഥാനാര്‍ഥിയുടെ കൈയില്‍നിന്ന് കാശ് വാങ്ങി സീറ്റ് കൊടുക്കാനാവില്ല. അപ്പോള്‍ ആരാണ് സഖാവേ, പാര്‍ട്ടിയോട് ഈ ചതി ചെയ്തത്?. ഒരു കാര്യം ഉറപ്പാണ്, ഒന്നുകില്‍ സിപിഐ ഒരു ശുദ്ധികലശം കഴിഞ്ഞ് പൂര്‍വാധികം ശക്തമാകും. അല്ലെങ്കില്‍ കാലഹരണപ്പെട്ട പാര്‍ട്ടിയെന്ന വിശേഷണമാകും നാളെയുടെ ചരിത്രം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബാക്കി വയ്ക്കുക.