ജോണ്‍ കെ ഏലിയാസ്|
Last Updated:
തിങ്കള്‍, 11 ഓഗസ്റ്റ് 2014 (18:50 IST)
1957, ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിന്റെ ചെങ്കോലില്‍ ചെങ്കൊടി ഉയര്‍ത്തിയ വര്‍ഷം.
സിപിഐ അഥവാ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ പാര്‍ട്ടി വാനോളം ഉയര്‍ന്നതും ചങ്കൂറ്റം കാട്ടി നിന്നതും അന്നാണ്. ചോരചിന്തിയ വഴിയില്‍ പോരാട്ടത്തിലൂടെ അധികാരം പിടിച്ചപ്പോള്‍ ആഗോള കമ്യൂണിസ്റ്റ് ചരിത്രത്തിലെ ഒളിമങ്ങാത്ത ഏടായി ആ ചരിത്രം. മാറ്റത്തിന്റെ കാഹളം സാധാരണ മനുഷ്യരുടെ മനസിലും മുഴങ്ങിത്തുടങ്ങി.
1962ല്‍
ഇന്തോ - ചൈന യുദ്ധം കമ്യൂണിസ്റ്റുകളുടെ ഉള്ളിലും വിള്ളല്‍ തീര്‍ത്തു. ചൈനയെ പിന്താങ്ങിയ ബസവ പുന്നയ്യ, ബി ടി രണദിവേ, പി സുന്ദരയ്യ, പി സി ജോഷി, ജ്യോതിബസു, ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് എന്നിവരുടെ നിലപാടുകളെ മുതിര്‍ന്ന നേതാവ് എസ് എ ഡാങ്കെ എതിര്‍ത്തു. കടുത്ത ആശയ സംഘര്‍ഷം കമ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്സിസ്റ്റിന്റെ പിറവിക്കും സിപിഐയുടെ അസ്ഥിത്വപ്രഖ്യാപനത്തിനും തുടക്കമിട്ടു.
ദേശീയതയില്‍ ഊന്നിയ കമ്യൂണിസമാണ് സിപിഐയുടേതെന്ന അടിയുറച്ച നിലപാട്. സത്യസന്ധതവും സ്വത്വബോധവുമുള്ള രാഷ്ട്രീയ സംഘടനയായി സിപിഐയെ മാറ്റിയത് ഈ നിലപാടായിരുന്നു. പിന്നീട് 1970 - 77 കാലഘട്ടത്തില്‍ കോണ്‍ഗ്രസിന് ഒപ്പം ഭരണത്തിലേറുകയും സി അച്യുതമേനോന് മുഖ്യമന്ത്രിയാകുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ വീഴ്ച സിപിഎമ്മുമായി കൂട്ട് ചേരുന്നതില്‍ എത്തിച്ചെങ്കിലും സിപിഐ സ്വന്തം നിലപാടുകളുമായി വേറിട്ടു നിന്നു. എം എന്‍ ഗോവിന്ദന് നായര്‍, സി കെ വാസുദേവന്‍ നായര്‍, വെളിയം ഭാര്ഗവന്, സി കെ ചന്ദ്രപ്പന് തുടങ്ങി ഒരുപിടി സംശുദ്ധ രാഷ്ട്രീയത്തിന് ഉടമകളായിരുന്നു പാര്‍ട്ടിയുടെ അമരത്ത്. ഇവരുടെ കാലം അവസാനിച്ചതോടെ പാര്‍ട്ടിയില്‍ പണാധിപത്യത്തിന്റെ കാലൊച്ച കേള്‍ക്കുന്നതായി സംശയമുയര്ന്നുതുടങ്ങി.
അടുത്ത പേജില്‍: പാര്‍ട്ടിയില്‍ പേമെന്റ് വിപ്ലവം