ന്യൂഡല്‍ഹി|
Last Updated:
ശനി, 9 ഓഗസ്റ്റ് 2014 (11:45 IST)
ധനമന്ത്രി കെ എം മാണിയെ എന്‍ ഡി എയിലേക്ക് വരണമെന്ന് 'ജന്മഭൂമി' ലേഖനം. ബി ജെ പി മുഖപത്രത്തില്‍
കെ കുഞ്ഞിക്കണ്ണന്‍ എഴുതിയ പാലേലെ ‘മാണി’ക്യം എന്ന ലേഖനത്തിലാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് മാണി വരണമെന്ന ആശയം പങ്ക് വയ്ക്കുന്നത്. ഇടത്തോട്ടും വലത്തോട്ടും തിരിയാതെ നേര്‍വഴിക്ക് സഞ്ചരിക്കാന്‍ മുന്നിട്ടിറങ്ങിയാല്‍ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനെ ദേശീയ രാഷ്ട്രീയം ഇരുകൈയുംനീട്ടി സ്വീകരിക്കുമെന്ന് ലേഖനം പറയുന്നു. ചിലര്‍ വരുമ്പോള്‍ ചരിത്രംതന്നെ മാറ്റിക്കുറിക്കപ്പെടുമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തേക്ക് പോകാനൊരുങ്ങുന്നുവെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് 'ജന്മഭൂമി'യില്‍ ലേഖനം പ്രത്യക്ഷപ്പെട്ടത്. ഇടതുപക്ഷത്തേക്ക് പോകുന്നത് സംബന്ധിച്ച യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി കെ എം മാണി തന്നെവ്യക്തമാക്കിയിരുന്നു.
കെ കുഞ്ഞിക്കണ്ണന്റെ ലേഖനത്തിന്റെ പൂര്‍ണരൂപം:
പാലേലെ ‘മാണി’ക്യം
‘കെ എം മാണി മൗനം വെടിയണം’. വളരെ ലുബ്ധിച്ച് വായ തുറക്കുന്ന കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്റേതാണ് ആവശ്യം. കേരളാ കോണ്‍ഗ്രസിനകത്തും പുറത്തും കേള്‍ക്കുന്ന ചര്‍ച്ച കണ്ട് സഹികെട്ടപ്പോഴാണ് പന്തളം മനസ്സ് തുറന്നത്. അതും ഫേസ് ബുക്കില്‍. നവമാധ്യമത്തിലെ പന്തളത്തിന്റെ പോസ്റ്റ് കണ്ടവര്‍ കണ്ടവര്‍ അത് ‘ലൈക്’ ചെയ്തു. മറ്റ് ചിലര്‍ ‘ഷെയര്‍’ ചെയ്തു. വാര്‍ത്താമാധ്യമങ്ങളത് വളരെ പ്രാധാന്യത്തോടെ പ്രചരിപ്പിക്കുകയും ചെയ്തു.
കെ എം മാണി ചെയ്ത കുറ്റമെന്തെന്നല്ലേ? ‘മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത് മുഖഛായ വര്‍ധിപ്പിക്കാനാണെങ്കില്‍ പുതിയ മുഖ്യമന്ത്രിയാവട്ടെ. അത് കെ.എം.മാണിയാകുന്നതാണ് നല്ലത് എന്ന് കേരള കോണ്‍ഗ്രസില്‍ നിന്നും അഭിപ്രായമുയര്‍ന്നു. തലങ്ങും വിലങ്ങും ചര്‍ച്ചയായി. ആരെങ്കിലും എന്തെങ്കിലും പറയുന്നതില്‍ കയറിപ്പിടിക്കുന്ന പതിവ് കെ എം മാണിക്കില്ല. അതുകൊണ്ട് മുഖ്യമന്ത്രി ചര്‍ച്ച സംബന്ധിച്ച് മിണ്ടാതിരിക്കുന്നതാണുത്തമമെന്ന് കരുതിക്കാണണം. പക്ഷേ, കോണ്‍ഗ്രസുകാരുടെ ഉറക്കം കെടുത്തി കെ എം മാണിയുടെ നിലപാടെന്ന് വ്യക്തം. അതാണ് പന്തളത്തിന്റെ പ്രതികരണമായി വന്നത്.
കെ എം മാണിയെന്ന രാഷ്ട്രീയത്തിലെ ‘വിശുദ്ധ പശു’വിനെ രണ്ടിലകാട്ടി സിപിഎം വശീകരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ചിലപ്പോള്‍ കേരള കോണ്‍ഗ്രസ് ഒരു കാലുപൊക്കി മറുകണ്ടം ചാടാന്‍ ഒരുങ്ങിയെന്ന തോന്നലും ഉളവാക്കി. എല്ലാം ഉണ്ടയില്ലാ വെടി എന്നാണ് ഒടുവില്‍ കെ എം മാണി വ്യക്തമാക്കിപോന്നത്. ഇപ്പോഴും വരട്ടെ സമയം വരുമ്പോള്‍ പറയാം എന്ന നിലപാടാണ് മണി സ്വീകരിച്ചത്. പന്തളത്തിന്റെ ആവശ്യവും മാണി കേട്ടു. ‘എനിക്ക് മുഖ്യമന്ത്രി മോഹമില്ല. പാര്‍ട്ടി അങ്ങനെയൊരു ചര്‍ച്ചയും നടത്തിയിട്ടില്ല.’
ശരിക്കും പറഞ്ഞാല്‍ കെ എം മാണിയെ ഇരുമുന്നണികളും തട്ടിക്കളിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വന്നുവന്ന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരും അമ്മട്ടിലായിരിക്കുന്നു.
കേരളത്തിലെ ഐക്യമുന്നണിയുടെ സ്ഥാപകന്മാരിലൊരാളണല്ലോ കെ എം മാണി. യൂത്ത് കോണ്‍ഗ്രസില്‍ തുടങ്ങിയതാണ് രാഷ്ട്രീയം. അര നൂറ്റാണ്ടിന് മുമ്പ് കേരളാ കോണ്‍ഗ്രസ് പിളര്‍ന്ന് കേരളാ കോണ്‍ഗ്രസായപ്പോള്‍ അതിലെ അമരക്കാരനാകാന്‍ അന്നേ അവസരം കിട്ടി. പാര്‍ട്ടി രൂപം കൊണ്ട് ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ 1965 ല്‍ നടത്തിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലയില്‍ ജനവിധി തേടി കെ എം മാണി വിജയക്കൊടി നാട്ടിയെങ്കിലും അന്ന് സഭ കാണാന്‍ അവസരം ലഭിച്ചില്ല. ആര്‍ക്കും ഭൂരിപക്ഷം കിട്ടാതെ സഭ തന്നെ രൂപംകൊള്ളാതെ അലസിപ്പോയപ്പോള്‍ രാഷ്ട്രപതിഭരണമായി. 1967 ല്‍ നടന്ന തിരഞ്ഞെടുപ്പിലും പാലയില്‍ ജനവിധി തേടിയ കെ എം മാണി തന്നെ വിജയിച്ചു. പിന്നെ എപ്പോഴൊക്കെ തെരഞ്ഞെടുപ്പ് നടന്നോ അന്നൊക്കെ പാലയില്‍ മറ്റൊരാളെ ജയിപ്പിക്കേണ്ടിവന്നില്ല. കെ എം മാണി ‘പാലേലേ മാണിക്യ’മായി ഇന്നും തിളങ്ങുന്നു.
കെ എം മാണിയുടെ റിക്കാര്‍ഡ് തകര്‍ക്കാന്‍ കേരള രാഷ്ട്രീയത്തില്‍ ഇന്നാരുമില്ല. ഇനിയാരുമുണ്ടാകുമെന്നും തോന്നുന്നില്ല. 47 വര്‍ഷമായി ജനപ്രതിനിധി. ഇരുമുന്നണികളിലുമായി ദീര്‍ഘകാലം മന്ത്രി. ഏറ്റവും കൂടുതല്‍ ബജറ്റവതരിപ്പിച്ച ധനകാര്യമന്ത്രി. മാണിക്കുള്ള വിശേഷം വര്‍ണിക്കാന്‍ പേജുകള്‍ ഏറെ വേണം. എന്നിട്ടും മുഖ്യമന്ത്രിയാകാന്‍ നേരം മാണിയെ ചൂണ്ടിക്കാണിക്കാന്‍ ആരുമുണ്ടാകാത്തതെന്ത് എന്ന ചോദ്യം പ്രസക്തമാണ്.
അടുത്ത പേജില്‍: ‘ചിലര്‍ വരുമ്പോള്‍ ചരിത്രം തന്നെ മാറ്റിക്കുറിക്കപ്പെടും‘