ഭുവനേശ്വർ കുമാറിനെ തിരിച്ചുവിളിച്ചത് രണ്ടുംകൽപ്പിച്ചാണ്; കാണാം ലോകകപ്പിനും !
Bhuvneshwar Kumar
Bhuvneshwar Kumar
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭുവനേശ്വർ കുമാറിനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിക്കുമ്പോൾ സെലക്ടർമാരുടെ മനസിൽ '2027 ഏകദിന ലോകകപ്പ്' ആണ് ലക്ഷ്യം. ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിലാണ് 36 കാരനായ ഭുവി ഇടംപിടിച്ചിരിക്കുന്നത്.
തുണച്ചത് ഐപിഎൽ പ്രകടനം
സമീപകാലത്ത് ഐപിഎലിൽ നടത്തിയ മികച്ച പ്രകടനമാണ് ഭുവനേശ്വർ കുമാറിന് നാല് വർഷത്തിന് ശേഷം രാജ്യാന്തര ടീമിലേക്കുള്ള വഴി തുറന്നത്. 2022 ന് ശേഷം ഐപിഎലിൽ മാത്രമായി 72 വിക്കറ്റുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് ഐപിഎൽ സീസണുകൾ എടുത്താൽ വിക്കറ്റ് വേട്ടയിൽ ഒന്നാമൻ ഭുവിയാണ്. 2025, 2026 സീസണുകളിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീടം ചൂടിയതിൽ ഭുവി നിർണായക പങ്ക് വഹിച്ചു. രണ്ട് സീസണുകളിലായി 45 വിക്കറ്റുകൾ. 2026 സീസണിൽ മാത്രം വെറും 7.95 ഇക്കോണമിയിൽ 28 വിക്കറ്റുകൾ സ്വന്തമാക്കി.
ഏകദിന ലോകകപ്പ് കളിച്ചേക്കും
2027 ഏകദിന ലോകകപ്പിലേക്ക് ഭുവനേശ്വർ കുമാർ എത്തിയാലും അതിശയിക്കാനില്ല. അതിന്റെ ആദ്യപടിയായാണ് ഇപ്പോൾ രാജ്യാന്തര ടി20 ടീമിൽ സ്ഥാനം ലഭിച്ചിരിക്കുന്നത്. ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ തലവേദന പിശുക്കില്ലാതെ റൺസ് വിട്ടുകൊടുക്കുന്ന ബൗളർമാരാണ്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1 ന് ജയിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർ മൂന്ന് മത്സരങ്ങളിലുമായി വിട്ടുകൊടുത്തത് 1,038 റൺസാണ്. മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 352 റൺസ് വിജയലക്ഷ്യം വിൻഡീസ് അനായാസം മറികടക്കുകയും ചെയ്തു. 2026 ലെ 12 ഏകദിനങ്ങളിൽ നിന്നായി ഇന്ത്യൻ ബൗളർമാരുടെ ശരാശരി 41.86 ആണ്. ഇതേ കാലയളവിലെ കണക്ക് നോക്കിയാൽ ഏറ്റവും മോശം ശരാശരിയുള്ള മൂന്നാമത്തെ ടീമാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ കൂടിയാണ് ജസ്പ്രിത് ബുംറയ്‌ക്കൊപ്പം ഭുവനേശ്വർ കുമാർ കൂടി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ബൗളിങ് നിരയിൽ ഉണ്ടാകണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പര ഭുവിക്ക് വെറുമൊരു തിരിച്ചുവരവല്ലെന്ന് സാരം, മറിച്ച് 2027 ലോകകപ്പിലേക്കുള്ള സാധ്യത കൂടിയാണ്. Also Read : 'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം
