വിൻഡീസിനെതിരെ ഇന്ത്യയെ രക്ഷിച്ച ഇന്നിങ്ങ്സ്, ടി20 റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി സഞ്ജു

 Sanju samson
അഭിറാം മനോഹർ| Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (19:21 IST)
ഐസിസി ടി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായകമത്സരത്തില്‍ നടത്തിയ വമ്പന്‍ പ്രകടനത്തോടെ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. നിലവില്‍ ഐസിസി റാങ്കിങ്ങില്‍ നാല്പതാം സ്ഥാനത്താണ് സഞ്ജു. വെസ്റ്റിന്‍ഡീസിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലിന് തുല്യമായ മത്സരത്തില്‍ 50 പന്തില്‍ പുറത്താകാതെ 97 റണ്‍സാണ് താരം സ്വന്തമാക്കിയത്.

റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും അഭിഷേകിന് ഭീഷണിയായി പാക് താരം സാഹിബ് സാദ ഫര്‍ഹാന്‍ പിന്നാലെയുണ്ട്. ഒന്നാം സ്ഥാനത്തുള്ള അഭിഷേകിന് 874 റേറ്റിംഗ് പോയന്റും രണ്ടാം സ്ഥാനത്തുള്ള ഫര്‍ഹാന് 848 റേറ്റിംഗ് പോയന്റുമാണുള്ളത്. ഇഷാന്‍ കിഷന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തിയപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എഴാം സ്ഥാനത്തും തിലക് വര്‍മ ആറാം സ്ഥാനത്തുമാണ്. 16 സ്ഥാനം മെച്ചപ്പെടുത്തി 43 റാങ്കില്‍ എത്തിയ സിംബാബ്വെ നായകന്‍ സിക്കന്ദര്‍ റാസയും 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ പാകിസ്ഥാന്റെ ഫഖര്‍ സമാനുമാണ് സഞ്ജു കഴിഞ്ഞാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ താരങ്ങള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :