രേണുക വേണു|
Last Modified ബുധന്‍, 10 നവംബര്‍ 2021 (11:42 IST)
ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 16 അംഗ സ്‌ക്വാഡില്‍ ഇടം ലഭിക്കാത്തതില്‍ മലയാളി താരം സഞ്ജു സാംസണ് കടുത്ത നിരാശ. ഐപിഎല്ലിലെ മികച്ച പ്രകടനം കണക്കിലെടുത്ത് തനിക്ക് അവസരം ലഭിക്കുമെന്ന് സഞ്ജു കരുതിയിരുന്നു. ഇന്ത്യയിലെ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ട സാധ്യത സ്‌ക്വാഡിലും സഞ്ജുവിന്റെ പേരുണ്ടായിരുന്നു. എന്നാല്‍, സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് ഇടമില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി റിഷഭ് പന്തും ഇഷാന്‍ കിഷനുമാണ് 16 അംഗ സ്‌ക്വാഡില്‍ ഇടംപിടിച്ചത്.
സ്‌ക്വാഡ് പ്രഖ്യാപിച്ചതിനു പിന്നാലെ സഞ്ജു സാംസണ്‍ പങ്കുവച്ച ട്വീറ്റ് വലിയ ചര്‍ച്ചയായി. തന്റെ മികച്ച ഫീല്‍ഡിങ് പ്രകടനങ്ങള്‍ അടങ്ങിയ ഏതാനും ചിത്രങ്ങളാണ് സഞ്ജു ട്വീറ്റ് ചെയ്തിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്രമല്ല മികച്ചൊരു ഫീല്‍ഡര്‍ കൂടിയാണ് താനെന്ന് പരോക്ഷമായി പ്രസ്താവിക്കുന്നതാണ് സഞ്ജുവിന്റെ ട്വീറ്റ്.
മിനിറ്റുകള്‍ കൊണ്ട് സഞ്ജുവിന്റെ ട്വീറ്റ് വൈറലായിട്ടുണ്ട്. ഇഷാന്‍ കിഷനേക്കാള്‍ പരിഗണന തനിക്ക് കിട്ടുമെന്ന് സഞ്ജു പ്രതീക്ഷിച്ചിരുന്നു.