സാൻ്റ് പേപ്പർ വിവാദം: ഉത്തരവാദിത്തം ഏറ്റെടുക്കാൻ വാർണർ മടിച്ചു, ബാൻക്രോഫ്റ്റിനെ കുരുതി കൊടുക്കാൻ നിന്നു, ചോദ്യം ചെയ്തത് മിച്ച് മാർഷ്
ഒസ്മാന്‍ ഖവാജയുടെ ആത്മകഥയിലെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പൊന്തിവന്ന സാന്റ് പേപ്പര്‍ ഭൂതം ഓസീസ് ക്രിക്കറ്റിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഓസ്ട്രേലിയന്‍ കായിക മാധ്യമമായ സ്പോര്‍ട്സ് എന്റര്‍ടൈന്‍മെന്റ് നെറ്റ്വര്‍ക്കാണ് പുതിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മുന്‍ ഓസീസ് വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ആദ്യം മടിച്ചെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
സംഭവത്തില്‍ ആദ്യം കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെ പേര് മാത്രമായിരുന്നു ഉയര്‍ന്നുവന്നത്. എന്നാല്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ ബലികഴിച്ച് കൈകഴുകുന്നതിനെ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ശക്തമായി എതിര്‍ത്തെന്നും ഡേവിഡ് വാര്‍ണറുമായി വാക്കേറ്റമുണ്ടായെന്നുമാണ് റിപ്പോര്‍ട്ട്. വിവാദത്തിനൊട് എങ്ങനെ പ്രതികരിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ വാര്‍ണര്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ താല്പര്യമുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ അതുവരെയും വാര്‍ണറുടെ പേര് നേരിട്ട് ഉയര്‍ന്നുവന്നിരുന്നില്ല. എന്നാല്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിച്ച വാര്‍ണറെ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ശക്തമായി ചോദ്യം ചെയ്തു. ബാന്‍ക്രോഫ്റ്റ് കുറ്റം മുഴുവനായി ഏറ്റെടുക്കാന്‍ തയ്യാറായപ്പോള്‍ ക്യാപ്റ്റനായിരുന്ന സ്മിത്ത് ഉത്തരവാദിത്തം പങ്കുവെയ്ക്കാന്‍ സന്നദ്ധത കാണിച്ചു. അപ്പോഴും മാറിനില്‍ക്കാനാണ് വാര്‍ണര്‍ ശ്രമിച്ചത്. എന്നാല്‍ താങ്കള്‍ക്ക് മാറിനില്‍ക്കാനാവില്ലെന്ന് മിച്ചല്‍ മാര്‍ഷ് വ്യക്തമാക്കുകയായിരുന്നു. ഇതോടെ ഞാന്‍ കുറ്റം ഏല്‍ക്കാമെന്നും എന്നാല്‍ മുഴുവന്‍ ഭാരവും തലയില്‍ വെയ്ക്കാന്‍ ശ്രമിക്കേണ്ടെന്നും വാര്‍ണര്‍ മാര്‍ഷിനോട് പറഞ്ഞെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് സീരീസിലെ മൂന്നാം ടെസ്റ്റിലായിരുന്നു പന്തില്‍ കൃത്രിമം കാണിക്കാനായി ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്റ് പേപ്പര്‍ ഉപയോഗിച്ചത് ക്യാമറക്കണ്ണുകളില്‍ കുടുങ്ങിയത്. സംഭവത്തില്‍ വാര്‍ണര്‍ക്കും അന്നത്തെ ഓസീസ് നായകന് സ്റ്റീവ് സ്മിത്തിനും 12 മാസത്തെ വിലക്കും ബാന്‍ക്രോഫ്റ്റിന് 9 മാസത്തെ വിലക്കും ലഭിച്ചിരുന്നു. വിവാദങ്ങള്‍ കെട്ടടിങ്ങിയിരുന്നെങ്കിലും അടുത്തിടെ പുറത്തുവന്ന ഉസ്മാന് ഖവാജയുടെ ആത്മകഥയിലെ വെളിപ്പെടുത്തലുകളാണ് വിവാദത്തെ വീണ്ടും സജീവമാക്കിയത്. ബോള്‍ ടാമ്പറിങ്ങിനെ പറ്റി മുഴുവന്‍ ടീമിനും അറിവുണ്ടായിരുന്നുവെന്നാണ് പുസ്തകത്തില്‍ ഖവാജയുടെ വെളിപ്പെടുത്തല്‍.
