India vs Pakistan: അഭിഷേകിനെ കിട്ടണമെന്ന് പാക്കിസ്ഥാന്‍ നായകന്‍; 'പിന്നെന്താ, തരാം' എന്ന് സൂര്യകുമാര്‍ യാദവ്
അഭിഷേക് ശര്‍മ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തുന്നതിനാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് കളിക്കില്ല
India vs Pakistan: ഇന്ത്യന്‍ യുവതാരവും വെടിക്കെട്ട് ബാറ്ററുമായ അഭിഷേക് ശര്‍മ തങ്ങള്‍ക്കെതിരെ കളിക്കണമെന്ന് പാക്കിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അഗ. നമീബിയയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ പനിയും വയറുവേദനയും മൂലം അഭിഷേക് കളിച്ചില്ല. ഇന്ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ കളിയില്‍ അഭിഷേക് വേണമെന്നാണ് പാക്കിസ്ഥാന്‍ നായകന്റെ ആവശ്യം.
' അഭിഷേക് ഇന്ന് കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമുക്കെല്ലാവര്‍ക്കും അറിയാം, അവന്‍ വളരെ മികച്ച കളിക്കാരനാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച ടീമിനെതിരെ തന്നെ കളിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം, അതുകൊണ്ട് അഭിഷേക് കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ പൂര്‍ണമായി മാറി അവന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു,' സല്‍മാന്‍ അഗ പറഞ്ഞു.
പാക് നായകന്റെ പരാമര്‍ശത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയ മറുപടി ഇങ്ങനെ, ' അവന്‍ കളിക്കണമെന്ന് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉറപ്പായും കളിച്ചിരിക്കും. അവന്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകും.'
അതേസമയം അഭിഷേക് ശര്‍മ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തുന്നതിനാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് കളിക്കില്ല. നമീബിയയ്‌ക്കെതിരെ അഭിഷേക് ശര്‍മയ്ക്കു പകരക്കാരനായി സഞ്ജുവാണ് ഓപ്പണ്‍ ചെയ്തത്.
