'ആർക്കാണ് ആ കുത്ത് ഏറ്റതെന്ന് എനിക്കറിയില്ല': പാർവതിയെ കുത്തി ശ്വേത മേനോൻ

നിഹാരിക കെ.എസ്| Last Modified വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (15:55 IST)
അമ്മ സംഘടനയെ എങ്ങനെയെങ്കിലും താഴ്ത്തിക്കാണിക്കണമെന്ന് ചില ആൾക്കാരുടെ അജണ്ടയാണെന്ന് സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോൻ. അമ്മ എന്ന് പറയരുതെന്നും എഎംഎംഎ എന്ന് പറയണമെന്നും പറയുന്നവരോട് എനിക്ക് പറയാനുള്ളത് രജിസ്ട്രേഷൻ അവർ കാണണമെന്നാണ്. അമ്മ എന്ന വാക്ക് തന്നെയാണ്. കുത്ത് ഇല്ല എന്നും നടി ചൂണ്ടിക്കാട്ടുന്നു.. ആർക്കാണ് ആ കുത്ത് ഏറ്റതെന്ന് എനിക്കറിയില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.

നടി പാർവതി തിരുവോത്ത് ആണ് എഎംഎംഎ എന്ന് പറയണമെന്ന് ഈയടുത്ത് ഒരു പൊതുവേദിയിൽ പറഞ്ഞത്. അമ്മ അല്ല. എഎംഎംഎയാണ്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്. അസോസിയേഷനാണ്. ഒരു ക്ലബ് അല്ല, ഒരു കു‌ടുംബമല്ല എന്നും നടി ആരോപിച്ചിരുന്നു.

ഓരോ തവണയും അസോസിയേഷനിൽ പോയി പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ അത് വിട് പാർവതി, നമ്മൾ ഒരു കുടുംബമല്ലേ എന്നാണ് പറഞ്ഞിരുന്നത്. പഞ്ചായത്തിൽ പണ്ട് കണ്ട് വരുന്ന രീതിയിലുള്ള വോട്ടെടുപ്പുകളാണ് അവിടെ. അം​ഗങ്ങൾ കൈ പൊക്കി കാണിക്കും. ഒരു ഘട്ടം കഴിഞ്ഞ് ഇത് പ്രഹസനമാണെന്ന് മനസിലാക്കിയെന്നും സ്വാഭിമാനം ഉള്ളത് കൊണ്ട് ഇറങ്ങാൻ തോന്നിയെന്നുമായിരുന്നു ഒരിക്കൽ പാർവതി പറഞ്ഞത്.

പാർവതി, റിമ കല്ലിങ്കൽ ഉൾ‌പ്പെടെയുള്ള നടിമാർ അമ്മ സംഘടനയിൽ നിന്നും നേരത്തെ രാജി വെച്ചതാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംഘടന എടുത്ത നിലപാടുകൾക്കെതിരെ പാർവതി ഉൾപ്പെടെയുള്ള ന‌ടിമാർ ശക്തമായി രം​ഗത്ത് വന്നു. സംഘടനയ്ക്കുള്ളിൽ നിന്നും നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് ഇവർ രാജി വെക്കുന്നത്. ഇവരെ അങ്ങോട്ട് ചെന്ന് സംസാരിച്ച് സംഘടനയിലേക്ക് തിരിച്ചെടുക്കില്ലെന്നാണ് ശ്വേത മേനോൻ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :