നിഹാരിക കെ.എസ്|
Last Modified ഞായര്‍, 24 ഓഗസ്റ്റ് 2025 (10:45 IST)
ഇ4 എന്റർടൈൻമെന്‍റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന 'ഐ, നോബഡി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സമീർ അബ്ദുൽ തിരക്കഥയിൽ നിസാം ബഷീറാണ് ചിത്രത്തിന്റെ സംവിധാനം. നിസാം ബഷീറിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടാണ് പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നായകനായ റോഷാക് എന്ന ചിത്രത്തിന്റെ സംവിധായകനാണ് നിസാം ബഷീർ. ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമായിരുന്നു നിസാം ബഷീറിന്റെ ആദ്യ സംവിധാനം. ഇബിലീസ്, റോഷാക്, അഡ്വെൻജേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കിയ സമീർ അബ്ദുളാണ് ' ഐ, നോബഡി' എന്ന ചിത്രത്തിന്‍റെയും കഥ.
പാർവതി തിരുവോത്താണ് സിനിമയിൽ നായിക. എന്നു നിന്‍റെ മൊയ്തീന്‍, കൂടെ, മൈ ലവ് സ്‌റ്റോറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വതിയും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മൈ ലവ് സ്റ്റോറിക്ക് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്നു. ഇതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.