ലിഫ്റ്റിൽ വെച്ച് മോശമായി പെരുമാറിയ വ്യക്തിയെ തല്ലേണ്ടി വന്നിട്ടുണ്ട്, ആണുങ്ങൾ നഗ്നതാ പ്രദർശനം നടത്തിയിട്ടുണ്ട്, ദുരനുഭവങ്ങൾ വിവരിച്ച് പാർവതി തിരുവോത്ത്
കുട്ടിക്കാലം മുതല്ക്കുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് മലയാളികളുടെ പ്രിയനടി പാര്വതി തിരുവോത്ത്. ചെറുപ്പത്തില് പുരുഷന്മാര് സ്വകാര്യഭാഗങ്ങള് പ്രദര്ശിപ്പിച്ചതടക്കം ദുരനുഭവങ്ങള് ഉണ്ടായിട്ടുണ്ടെന്നും ലിഫ്റ്റില് വെച്ച് അപമര്യാദയായി പെരുമാറിയ ആളെ തല്ലേണ്ടി വന്നിട്ടുണ്ടെന്നും ഹൗട്ടര്ഫ്ലൈക്ക് നല്കിയ അഭിമുഖത്തില് താരം തുറന്നുപറഞ്ഞു.
ലൈംഗികതയെ പറ്റിയുള്ള എന്റെ ആദ്യ ധാരണ ടൈറ്റാനിക് സിനിമയിലെ ആ ഉമ്മ വെയ്ക്കുന്ന രംഗമാണ്. അന്ന് ജാക്കിനെ വലിയ ഇഷ്ടമായിരുന്നു. അന്നൊന്നും കിസ് എന്ന് പറഞ്ഞാലെ എന്താണെന്ന് അറിയില്ല. പിന്നീട് എവിടെ നിന്നാണ് ഇതിനെ പറ്റിയെല്ലാം മനസിലാക്കിയത് എന്ന് ചോദിച്ചാല് പല മോശം അനുഭവങ്ങളില് നിന്നാണ്. നമ്മള് ജനിക്കുന്നു, വളരുന്നു, ഉപദ്രവിക്കപ്പെടുന്നു. എല്ലാ പെണ്കുട്ടികള്ക്കും ഇത്തരം ദുരനുഭവങ്ങള് ഉണ്ടായിരിക്കും.
ഒരിക്കല് റെയില്വേ സ്റ്റേഷനില് അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നപ്പോള് ആരോ വന്ന് മാറില് അടിച്ചിട്ട് പോയി. അന്ന് ഞാന് കുട്ടിയാണ്. നല്ല വിഷമമായി. വഴിയിലൂടെ പോകുമ്പോള് പുരുഷന്മാരുടെ കയ്യിലേക്ക് നോക്കി നടക്കണമെന്നായിരുന്നു അമ്മ പറഞ്ഞത്. ഒരു അമ്മയ്ക്ക് മകളെ ഇങ്ങനെ പറഞ്ഞുകൊടുക്കേണ്ടിവരുന്ന സാഹചര്യം ആലോചിച്ചു നോക്കു. അത് മാത്രമല്ല ചില പുരുഷന്മാര് അവരുടെ സ്വകാര്യ ഭാഗങ്ങള് പ്രദര്ശിപ്പിക്കുന്നത്. കുട്ടിക്കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോള് പലതവണ കണ്ടിട്ടുണ്ട്. അന്നെന്താണ് സംഭവിക്കുന്നത് എന്നതിനെ പറ്റി എനിക്ക് ധാരണയുണ്ടായിരുന്നില്ല.
ഇപ്പോഴാണ് ഈ അനുഭവങ്ങള് ശരീരത്തെയും മനസിനെയുമെല്ലാം എത്രത്തോളം ആഴത്തില് ബാധിച്ചെന്ന് തിരിച്ചറിയുന്നത്. മാതാപിതാക്കളില് നിന്നല്ലാതെയുള്ള ശാരീരിക സ്പര്ശനങ്ങള് എനിക്ക് അതിക്രമങ്ങള് ആയിരുന്നു. എനിക്ക് 17 വയസുള്ളപ്പോള് എന്നെ അറിയാവുന്ന ഒരാളില് നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ട്. നമ്മള് അവരെ സ്നേഹിക്കുന്നുണ്ടെങ്കില് അനുവദിച്ചുകൊടുക്കണമെന്ന രീതിയിലാണ് സാധാരണവത്കരിക്കുന്നത്. ആള് എനിക്ക് ക്രഷുണ്ടായിരുന്ന ആളായിരുന്നു. അയാള്ക്ക് കണ്സെന്റ് എന്താണെന്ന് പോലും അറിയില്ലായിരുന്നു. എന്റെ ജീവിതത്തില് നടന്ന ഈ കാര്യങ്ങള് തിരിച്ചറിയാനും ഉള്ക്കൊള്ളാനും 30 വര്ഷങ്ങള് എനിക്ക് വേണ്ടിവന്നു. പാര്വതി പറയുന്നു.
എനിക്ക് 19-20 വയസുള്ളപ്പോള് ലിഫ്റ്റില് ഒരാള് എന്റെ പിന്നിലേക്ക് ചേര്ന്ന് നില്ക്കാന് ശ്രമിച്ച അനുഭവമുണ്ടായി. ഞാന് ലിഫ്റ്റില് നിന്ന് പുറത്തിറങ്ങിയ ഇടനെ അയാളുടെ കരണത്തടിച്ചു. നിങ്ങള് എന്താണ് ചെയ്തതെന്ന് ചോദിച്ചു. സെക്യൂരിറ്റി വന്നു, പോലീസിനെ വിളിച്ചു, നീ ഒരു തല്ല് കൊടുത്തല്ലോ, വിട്ടേക്ക് എന്നാണ് പോലീസുകാര് പറഞ്ഞത്. അന്നാണ് ഈ നാട്ടിലെ നീതി എന്താണെന്ന് എനിക്ക് മനസിലായത്. ഒടുവില് അയാള് എന്റെ കാലില് വീണു, ഇപ്പോളാണ് ഗള്ഫില് ജോലി കിട്ടിയത്, കല്യാണം അടുത്ത് നടക്കാന് പോകുന്നു എന്നെല്ലാം.
അയാളെ തല്ലിയപ്പോള് എല്ലാവരും എന്നെ അഭിനന്ദിച്ചു, എനിക്കതൊരു നേട്ടമായി തോന്നിയിട്ടില്ല. സ്വയം സംരക്ഷിക്കേണ്ടി വരുന്നത് ഒരു വലിയ കാര്യമല്ല. സ്വയം സംരക്ഷിക്കേണ്ടി വരുമ്പോള് ആരും എന്റെ തോളില് തട്ടി നീ കരുത്തുള്ളവരാണെന്ന് പറയേണ്ടതില്ല. പുരുഷന്മാര് എപ്പോഴും തോളും വിരിച്ച് ആത്മവിശ്വാസത്തോടെയാണ് നടക്കുന്നത്. സ്ത്രീകള്ക്ക് പൊതുസ്ഥലങ്ങളില് ഒന്ന് കുനിയുമ്പോഴോ നില്ക്കുമ്പോഴോ എല്ലാം സ്വന്തം വസ്ത്രത്തെയും ശരീരത്തെയും ശ്രദ്ധിക്കേണ്ടി വരുന്നു. പാര്വതി പറയുന്നു.
