ആരോഗ്യവകുപ്പിന്റെ പിടിപ്പുകേട്; തൃശൂരിൽ ഷിഗല്ല കേസുകൾ വർധിക്കുന്നു
ഷിഗല്ല രോഗവ്യാപനത്തിൽ തൃശൂരിൽ ആശങ്ക. ജില്ലയിൽ ഷിഗല്ല കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് സ്ഥിരീകരിച്ച 40 കേസിൽ 27 എണ്ണവും തൃശൂർ ജില്ലയിലാണ്. തോളൂരിലാണ് സ്ഥിതി സങ്കീർണം. പത്ത് ഷിഗല്ല കേസുകളാണ് തോളൂരിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴ് മാസം പ്രായമുള്ള കുഞ്ഞും രോഗബാധിതരിൽ ഉണ്ട്.
ആരോഗ്യ വിഭാഗത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ പാളിയതാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിനു കാരണം. ഇക്കാലയളവിൽ അരിമ്പൂരിൽ അഞ്ച് കേസും അടാട്ട് മൂന്ന് കേസും വടക്കാഞ്ചേരി, പാവറട്ടി, അവണൂർ, വാടാനപ്പിള്ളി, എളവള്ളി, കുന്നംകുളം, മുല്ലശ്ശേരി, വേലൂർ എന്നിവിടങ്ങളിൽ ഓരോ കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തോളൂരിന് പുറമേ അരിമ്പൂർ പഞ്ചായത്തിലും ഷിഗല്ല കേസുകൾ വർധിക്കുന്നത് ആശങ്കയാകുന്നു. ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്ത ഘട്ടത്തിൽ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തി വ്യാപന സാധ്യത കുറയ്ക്കാൻ ആരോഗ്യവകുപ്പിന് വേണ്ടത്ര ശ്രദ്ധ പുലർത്തിയിരുന്നില്ല.
