1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Most Underrated Mammootty characters

മമ്മൂട്ടിയുടെ അണ്ടർറേറ്റഡ് ആയ അഞ്ച് മാസ് കഥാപാത്രങ്ങൾ

Mammootty, Mammootty Mass Roles, Most Underrated Mammootty characters, Mammootty Career, Mammootty Filmography
Mammootty (Sangham Movie)

കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി മലയാള സിനിമയുടെ സ്പന്ദനങ്ങൾ മമ്മൂട്ടിയിലൂടെയാണ് മലയാളി അറിയുന്നത്. കാലത്തിനൊപ്പം സ്വയം അപ്‌ഡേറ്റ് ചെയ്ത് 75 വയസ് പിന്നിടുമ്പോഴും അയാൾ മുപ്പതുകാരനൊപ്പം മത്സരിക്കുകയാണ്. അഭിനയത്തോടു അടങ്ങാത്ത അഭിനിവേശമായിരുന്നു അന്നും ഇന്നും മമ്മൂട്ടിക്ക്. 
 
മലയാള സിനിമ കേരളമെന്ന ഇട്ടാവട്ടത്തിനു അപ്പുറം ചർച്ചയാകുന്നത് മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ്. നിറക്കൂട്ടും ന്യൂഡൽഹിയും മലയാള സിനിമയുടെ യശസ് ഉയർത്തുന്നവയായിരുന്നു. മമ്മൂട്ടിയുടെ താരമൂല്യം തന്നെയാണ് കേരളത്തിനു പുറത്തും വിറ്റഴിക്കപ്പെട്ടത്. മമ്മൂട്ടിയെന്നാൽ മലയാളിക്ക് 'മാസ്' ഹീറോയായി. പിന്നീടങ്ങോട്ട് ആ പൗരുഷം ആഘോഷിക്കപ്പെട്ട എത്രയെത്ര സിനിമകൾ. മമ്മൂട്ടിയുടെ മാസ് കഥാപാത്രങ്ങളിൽ മലയാളി ആഘോഷിക്കാൻ മറന്നുപോകുന്ന ചില കഥാപാത്രങ്ങളുണ്ട്. അങ്ങനെയുള്ള അഞ്ച് കഥാപാത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 
 
ദേവരാജ് (ദേവ) - ദളപതി 
 
സൗത്ത് ഇന്ത്യയിൽ വലിയ ഓളം തീർത്ത തമിഴ് സിനിമയാണ് ദളപതി. രജനികാന്തിനൊപ്പം ശക്തമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ദേവ എന്ന് വിളിക്കപ്പെടുന്ന ദേവരാജ് എന്ന കഥാപാത്രത്തെ മമ്മൂട്ടി അവിസ്മരണീയമാക്കി. മണിരത്‌നത്തിന്റെ സംവിധാനത്തിൽ 1991 ലാണ് ദളപതി പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ എക്കാലത്തെയും മാസ് കഥാപാത്രങ്ങളിൽ ആദ്യ നിരയിൽ തന്നെ ദേവരാജ് ഉണ്ടാകും. സ്‌ക്രീൻപ്രസൻസ് കൊണ്ടും മാസ് ലുക്കുകൊണ്ടും പല സീനുകളിലും രജനികാന്തിനെ പോലും മമ്മൂട്ടി പിന്നിലാക്കി. പല സീനുകളും ഷൂട്ട് ചെയ്ത ശേഷം കണ്ടുനോക്കുമ്പോൾ സ്‌ക്രീനിൽ കൂടുതൽ ഡോമിനേറ്റ് ചെയ്തിരുന്നത് മമ്മൂട്ടിയായിരുന്നു എന്ന് ദളപതിയുടെ ക്യാമറമാൻ സന്തോഷ് ശിവൻ പിൽക്കാലത്ത് ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 
 
കുട്ടപ്പായി - സംഘം 
 
മുടിയെല്ലാം പറ്റെവെട്ടി മീശ അൽപ്പം പിരിച്ച് സ്റ്റൈലായി സിഗരറ്റ് വലിച്ചിരിക്കുന്ന കുട്ടപ്പായിയെ ഓർമയില്ലേ? ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത സംഘത്തിലെ മമ്മൂട്ടിയുടെ കുട്ടപ്പായി എന്ന കഥാപാത്രം എന്തിനും പോന്നൊരു തെമ്മാടിയായിരുന്നു. എതിരാളികളെ ഡയലോഗുകൊണ്ടും നോട്ടം കൊണ്ടും ഛിന്നഭിന്നമാക്കാൻ കെൽപ്പുള്ള ഉശിരൻ കഥാപാത്രം. 


ആന്റണി - കൗരവർ 
 
ലോഹിതദാസിന്റെ രചനയിൽ ജോഷി സംവിധാനം ചെയ്ത സിനിമയാണ് കൗരവർ. തിലകനും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച സിനിമ. പകയുടെ നെരിപ്പോടുമായി നടക്കുന്ന ആന്റണി എന്ന കഥാപാത്രത്തെ മമ്മൂട്ടി അതിഗംഭീരമായി പകർന്നാടി. സിനിമ ഇമോഷണൽ ഡ്രാമയുടെ സ്വഭാവത്തിലേക്ക് ട്രാക്ക് മാറും മുൻപുള്ള സീനുകളിലെല്ലാം മമ്മൂട്ടിയുടെ ആന്റണി എന്ന കഥാപാത്രം ആരാധകരെ ആവേശംകൊള്ളിക്കുന്നതാണ്. 
 
ചന്ദ്രൻ (ചന്ദ്രു) - മഹായാനം 
 
മമ്മൂട്ടിയുടെ പൗരുഷത്തെ അതിന്റെ പൂർണതയിൽ അടയാളപ്പെടുത്തിയ ലോഹിതദാസിന്റെ തിരക്കഥ, സംവിധാനം ജോഷി. മഹായാനത്തിലെ ചന്ദ്രു മമ്മൂട്ടിയുടെ തുടക്കകാലത്തെ ഏറ്റവും കരുത്തുറ്റ മാസ് കഥാപാത്രങ്ങളിൽ ഒന്നാണ്. മഹായാനത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. 
 
കാരിക്കാമുറി ഷൺമുഖൻ - ബ്ലാക്ക് 
 
രണ്ടായിരത്തിനു ശേഷം പുറത്തുവന്ന കരുത്തുറ്റ മമ്മൂട്ടി കഥാപാത്രങ്ങളിൽ ഒന്നാണ് കാരിക്കാമുറി ഷൺമുഖൻ. കഥയും സംവിധാനവും രഞ്ജിത്തിന്റേതായിരുന്നു. കൊച്ചിയിലെ അധോലോകമാണ് സിനിമയുടെ പ്രമേയം. ഹെഡ് കോൺസ്റ്റബിൾ ആണെങ്കിലും ഷൺമുഖൻ കൊച്ചി അധോലോകത്തിന്റെ തലവൻ കാരിക്കാമുറി ഷൺമുഖനാണ്. ഡയലോഗ് ഡെലിവറി കൊണ്ട് മമ്മൂട്ടിയിലെ മാസ് പരിവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയുടെ ഷൺമുഖൻ എന്ന കഥാപാത്രവും ലാലിന്റെ ഡേവിൻ കാർലോസ് പടവീടനും തമ്മിലുള്ള കോംബിനേഷൻ സീനുകളാണ് സിനിമയുടെ ഹൈലൈറ്റ്. Also Read: സഞ്ജുവും ശ്രീശാന്തും പിണക്കത്തിലോ? പൊതുവേദിയിൽ കൈ കൊടുക്കാതെ താരങ്ങൾ (വീഡിയോ)
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
രജനി vs ധനുഷ്, മമ്മൂട്ടി vs മോഹൻലാൽ; വരുന്നു തമിഴ് യുദ്ധം !