മമ്മൂട്ടി എന്ന നടന്‍റെ നടനവൈഭവം മുഴുവന്‍ അമരം, പാഥേയം, കാതോടു കാതോരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ തുടങ്ങിയ ചിത്രങ്ങളിലൂടെ പുറത്തു കൊണ്ടുവന്ന ഭരതന്‍റെ കാറ്റത്തെ കിളിക്കൂട്ടിലും താഴ്വാരത്തിലും നാം മോപന്‍ലാലെന്ന നടന്‍റെ തീര്‍ത്തും വ്യത്യസ്ത മുഖങ്ങളും കണ്ടു.
ലോറിയിലൂടെ ഭരതന്‍ അവതരിപ്പിച്ച പുതുമുഖമാണ് പിന്നീടു ശ്രദ്ധേയനായ അച്ചന്‍കുഞ്ഞ്. പറങ്കിമലയിലൂടെ നടി സൂര്യയേയും ലോറിയിലൂടെ നിത്യയേയും അവതരിപ്പിച്ചു.
നിദ്രയിലൂടെ ശാന്തികൃഷ്ണ, വിജയ്മേനോന്‍, തകരയിലൂടെ സുരേഖ, പ്രതാപ് പോത്തന്‍, കെ.ജി. മേനോന്‍, രതിനിര്‍വേദത്തിലൂടെ കൃഷ്ണചന്ദ്രന്‍, കാറ്റത്തെ കിളിക്കൂടിലൂടെ രേവതി, ചിലമ്പിലൂടെ ബാബു ആന്‍റണി, വൈശാലിയിലൂടെ സഞ്ജയ്, സുപര്‍ണ, ഓര്‍മ്മയ്ക്കായിയിലൂടെ നടന്‍ രാമു, താഴ്വാരത്തിലൂടെ സലീം ഗൗസ്, പാര്‍വതിയിലൂടെ തമിഴ് നടി ലത, നീലക്കുറഞ്ഞി പൂത്തപ്പോളിലൂടെ ഹിന്ദി നടന്‍ ഗിരീഷ് കര്‍ണാഡ്, മാളൂട്ടിയിലൂടെ ബേബി ശ്യാമിലി, പാഥേയത്തിലൂടെ ചിപ്പി എന്നിവരെയെല്ലാം മലയാളത്തില്‍കൊണ്ടു വന്നതു ഭരതനാണ്.
ഒഴിവുകാലം എന്ന ചിത്രത്തില്‍ പുത്രി ശ്രീക്കുട്ടിയേയും ഭരതന്‍ അഭിനയിപ്പിച്ചു.
കലാസംവിധായകനായിരുന്നപ്പോള്‍ മുതലേ ലളിതയ്ക്കു ഭരതനെ പരിചയമുണ്ട്. പിന്നീടൊരിക്കല്‍ നല്ലിയാമ്പതിയില്‍ ഭരതന്‍റെ ചിത്രത്തിലഭിനയിക്കാനെത്തിയ ലളിതയോടു ഭരതന്‍ ചോദിച്ചു: നമ്മളെ ചേര്‍ത്ത് എല്ലാരും കഥ മെനയുന്നു എന്നാല്‍ പിന്നെ നമുക്കങ്ങു പ്രേമിച്ചാലോ? എങ്കിലും ആ ബന്ധം കുടുംബക്കാര്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ചു തന്നെയാണു നടന്നത്. അങ്ങനെ ലളിത ഭരതന്‍റെ ജീവിതസഖിയായി.
പ്രയാണത്തിന്‍റെ തമിഴ് പതിപ്പായ സാവിത്രയിലൂടെ സംവിധായകനെന്ന നിലയില്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും, മലയാളത്തിലെ വിജയം ആവര്‍ത്തിക്കാനായില്ല. പിന്നീടു വര്‍ഷങ്ങള്‍ക്കുശേഷം തകരയ്ക്കു ഭരതന്‍ നല്‍കിയ തമിഴ് മൊഴിമാറ്റം -ആവാരം പൂ- ആണ് ഭരതനെ തമിഴില്‍ ശ്രദ്ധേയനാക്കിയത്. കമല്‍ഹാസനുമായി ചേര്‍ന്ന ചെയ്ത തേവര്‍ മകന്‍ ഭരതനിലെ സംവിധായകന് പൊന്‍തൂവലായി.