1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. I was made scapegoat bancroft says entire ausies team involved in sandpaper gate incident

ടീമിന് മുഴുവൻ പങ്കുണ്ടായിരുന്നു, എല്ലാവരും അറിഞ്ഞുകൊണ്ട് ചെയ്തത്, എന്നെ ബലിയാടാക്കി: സാൻഡ്പേപ്പർ വിവാദത്തിൽ പ്രതികരിച്ച് ബാൻക്രോഫ്റ്റ്

ദി വെസ്റ്റ് ഓസ്‌ട്രേലിയന്‍ പത്രത്തിലെഴുതിയ ലേഖനത്തിലാണ് ബാന്‍ക്രോഫ്റ്റിന്റെ തുറന്നുപറച്ചില്‍.

Sandpapergate incident, Cricket News, Cricket Australia
2018ലെ ഏറെ വിവാദമായ സാന്‍ഡ്‌പേപ്പര്‍ വിവാദത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്. പന്തില്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ചിരുന്ന വിവരം ടീമിലെ എല്ലാവര്‍ക്കും തന്നെ അറിയാമായിരുന്നുവെന്നും കേപ്ടൗണ്‍ ടെസ്റ്റിനിടെ ക്യാമറയില്‍ കുടുങ്ങിയതോടെ താന്‍ ബലിയാടാവുകയായിരുന്നുവെന്നും ബാന്‍ക്രോഫ്റ്റ് പറയുന്നു.
 
ദി വെസ്റ്റ് ഓസ്‌ട്രേലിയന്‍ പത്രത്തിലെഴുതിയ ലേഖനത്തിലാണ് ബാന്‍ക്രോഫ്റ്റിന്റെ തുറന്നുപറച്ചില്‍. പന്തിന്റെ സ്വാഭാവിക രൂപം മാറ്റുന്നതിനെ പറ്റി മുതിര്‍ന്ന താരങ്ങള്‍ക്കും പരിശീലക സംഘത്തിനും അറിവുന്റായിരുന്നുവെന്നും ആദ്യഘട്ട അന്വേഷണങ്ങളില്‍ താന്‍ പൂര്‍ണസത്യം പറഞ്ഞിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ അറിയുന്ന കാര്യങ്ങളെല്ലാം തുറന്നുപറയാന്‍ തയ്യാറാണെന്നും ബാന്‍ക്രോഫ്റ്റ് വ്യക്തമാക്കി.
 
കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സ് നടത്തിയ വാര്‍ത്താസമ്മേളനമാണ് ഇപ്പോള്‍ ഈ പ്രതികരണത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും ബാന്‍ക്രോഫ്റ്റ് പറഞ്ഞു. കമ്മിന്‍സിന്റെ വാചകങ്ങള്‍ കേട്ടപ്പോള്‍ വഞ്ചിക്കപ്പെട്ടത് പോലെയാണ് തോന്നിയതെന്ന് ലേഖനത്തില്‍ ബാന്‍ക്രോഫ്റ്റ് പറയുന്നു. എന്റെ കരിയര്‍ തകര്‍ന്നു. 2109ല്‍ ജസ്റ്റിന്‍ ലാംഗര്‍ പരിശീലകനായിരുന്ന കാലത്തിന് ശേഷം എനിക്ക് കളിക്കാനായില്ല. അപൂര്‍ണമായ കഥയെ സംരക്ഷിക്കുന്നത് കൂടുതല്‍ ദോഷമാണ് ചെയ്യുക. ലേഖനത്തില്‍ ബാന്‍ക്രോഫ്റ്റ് പറയുന്നു.
 
2018ലെ ദക്ഷിണാഫ്രിക്ക പര്യടനത്തില്‍ റിവേഴ്‌സ് സ്വിങ് കണ്ടെത്താനായി പന്ത് കൈകാര്യം ചെയ്തിരുന്നത് ഡേവിഡ് വാര്‍ണറാണ്. ഡര്‍ബനിലെ ആദ്യ ടെസ്റ്റില്‍ വിജയിച്ചപ്പോള്‍ ടീമിന്റെ സമീപനം മാറി. അമിതമായ ആത്മവിശ്വാസവും അഹങ്കാരവുമെല്ലാമായി. രണ്ടാം ടെസ്റ്റില്‍ റിവേഴ്‌സ് സ്വിങ് കണ്ടെത്താന്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിക്കുന്നതിനെ പറ്റി ചര്‍ച്ചകള്‍ നടന്നു. മുഖ്യപരിശീലകന്‍ ഡാരന്‍ ലേമാനും ബൗളിങ് കോച്ച് ഡേവിഡ് സാകറുമെല്ലാം ഇതില്‍ പങ്കെടുത്തു. ഇതില്‍ നിന്നെല്ലാം അകന്ന് നില്‍ക്കാനാണ് ക്യാപ്റ്റന്‍ സ്മിത്ത് ശ്രമിച്ചത്.
 
 വാര്‍ണറെ ക്യാമറകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതുകൊണ്ടാണ് ആ ദൗത്യം ഞാന്‍ ഏറ്റെടുത്തത്. ഈ പ്രവര്‍ത്തികളില്‍ അസ്വസ്ഥതയുണ്ടായിരുന്നെങ്കിലും ടീമിലെ സ്ഥാനം ഉറപ്പിക്കാനായി ഞാന്‍ എന്തും ചെയ്യാന്‍ തയ്യാറായിരുന്നു. പന്തിന്റെ അവസ്ഥയെ പറ്റി പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹേസല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, ടിം പെയ്ന്‍ എന്നിവരോടെല്ലാം അഭിപ്രായം ചോദിച്ചിരുന്നുവെന്നും പന്തില്‍ കൃത്രിമം കാണിച്ചതിന് ശേഷം ടീം ക്യാമ്പിലുള്ളവര്‍ തന്നെ പ്രശംസിക്കുകയാണ് ചെയ്തതെന്നും ബാന്‍ക്രോഫ്റ്റ് പറയുന്നു. മൂന്നാം ടെസ്റ്റിലും പദ്ധതി തുടര്‍ന്നപ്പോഴാണ് താന്‍ ക്യാമറയില്‍ കുടുങ്ങിയതെന്നും ബാന്‍ക്രോഫ്റ്റ് പറയുന്നു.
 
കേപ്ടൗണ്‍ ടെസ്റ്റിന് ശേഷം സ്റ്റീവ് സ്മിത്തിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തെ ഖേദത്തോടെയാണ് ഓര്‍ക്കുന്നതെന്നും ബാന്‍ക്രോഫ്റ്റ് പറഞ്ഞു. മുഴുവന്‍ ടീമിന് വേണ്ടി ഒടുവില്‍ താന്‍ ബലിയാടായെന്നും 2021ല്‍ സംഭവത്തെ പറ്റി അറിയില്ലായിരുന്നുവെന്ന് കമ്മിന്‍സ്, സ്റ്റാര്‍ക്ക്,ഹേസല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ചേര്‍ന്ന് സംയുക്ത പ്രസ്താവനയിറക്കിയത് ഏറെ വേദനിപ്പിച്ചെന്നും സത്യം പുറത്തുപറയണമെന്ന മുന്‍ നായകനായ മൈക്കല്‍ ക്ലാര്‍ക്കിന്റെ അഭ്യര്‍ഥനയാണ് 8 വര്‍ഷത്തിന് ശേഷം ഇക്കാര്യങ്ങള്‍ പറയാന്‍ പ്രേരിപ്പിച്ചതെന്നും ബാന്‍ക്രോഫ്റ്റ് വ്യക്തമാക്കി.ALSO READ: ഐപിഎൽ 2027: ടീമുകൾ ഒഴിവാക്കിയ താരങ്ങളിൽ വമ്പൻ താരങ്ങളും, സ്റ്റാർക്കും ഹെറ്റ്മെയറും ഹെഡുമെല്ലാം പുറത്ത്!
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഐപിഎൽ 2027: ടീമുകൾ ഒഴിവാക്കിയ താരങ്ങളിൽ വമ്പൻ താരങ്ങളും, സ്റ്റാർക്കും ഹെറ്റ്മെയറും ഹെഡുമെല്ലാം പുറത്ത്!