കരകൗശല മേഖലയെ സംരക്ഷിക്കലായിരുന്നു കമലാദേവിയുടെ മറ്റൊരു ദൗത്യം. മഗ്സെസെ അവാര്‍ഡ്, വേള്‍ഡ് ക്രാഫ്റ്റ് കൗണ്‍സില്‍ അവാര്‍ഡ്, യുനെസ്കോ ബഹുമതി, പത്മ വിഭൂഷണ്‍ എന്നിവ അവരെത്തേടിയെത്തി.
ഗാന്ധിജിയോടുള്ള ആരാധന നിലനില്‍ക്കുമ്പോഴും അദ്ദേഹത്തോടുള്ള എതിര്‍പ്പുകള്‍ തുറന്നു പറയാന്‍ കമലാദേവി മടിച്ചില്ല. ഇതായിരുന്നു ആ വ്യക്തിത്വത്തിന്‍റെ സവിശേഷമായൊരു ചാരുത.
ഫെമിനിസം ഒരു ഭ്രമമായി തീരുന്നതിനുമുന്‍പേ ഫെമിനിസ്റ്റ് ആയിരുന്നു കമലാദേവി. കടുത്ത ജീവിതാനുഭവങ്ങളായിരുന്നു ഇതിനാധാരം. അഭിനയത്തോടുള്ള അഭിനിവേശവും കരകൗശല രംഗത്തെ സഹകരണ വിപ്ളവവും അവരെ ശ്രദ്ധേയയാക്കി.
കമലാദേവി ചതോപാദ്ധ്യായയുടെ അശയങ്ങള്‍ പലതും ഇന്നും സജീവമായി ചര്‍ച്ച ചെയ്യുന്നവയാണ്. സ്വന്തം വീട്ടിലെ സ്ത്രീയുടെ അടുക്കള ജോലി ഒരു സാമ്പത്തിക പ്രക്രിയയായി കണക്കാക്കണമെന്നായിരുന്നു അവരുടെ വാദം. പ്രസവത്തിനും കുട്ടിയെ സംരക്ഷിക്കുന്നതിനും സ്ത്രീക്ക് അവധി കൊടുത്തേ പറ്റൂ എന്നവര്‍ വാദിച്ചു. ഖനിയിലെ സ്ത്രീ തൊഴിലാളികളുടെ ദാരുണമായ അവസ്ഥയെ കുറിച്ച് അവര്‍ പഠനം നടത്തിയിരുന്നു.
സ്വാതന്ത്ര്യ സമര രംഗത്ത് അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു. ഉപ്പു സത്യാഗ്രഹത്തില്‍ സ്ത്രീകള്‍ പങ്കെടുക്കേണ്ട എന്ന ഗാന്ധിജിയുടെ നിലപാടിനെതിരെ കമലാദേവി ക്ഷോഭിച്ചു.
സ്വാതന്ത്ര്യത്തിന് ശേഷം കമലാദേവി രാഷ്ട്രീയം വിട്ടു. കേന്ദ്രമന്ത്രി സ്ഥാനം, ഗവര്‍ണര്‍ പദവി, അംബാസഡര്‍ പദവി എന്തിന് ഉപരാഷ്ട്രപതി പദവി പോലും അവര്‍ സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു.