ഇടുക്കി |
M. RAJU|
Last Modified വെള്ളി, 7 മാര്‍ച്ച് 2008 (10:28 IST)
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിമ്മിക്കുന്നതിന് മുന്നോടിയായുള്ള സര്‍വ്വേ നടപടികള്‍ ജലവിഭവ വകുപ്പ് ആരംഭിച്ചു. അണക്കെട്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സ്ഥലം മുതല്‍ പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ പെരിയാറിന്‍റെ തീരത്താണ് സര്‍വ്വേ നടപടികള്‍ നടക്കുന്നത്.
നിലവിലുള്ള അണക്കെട്ടില്‍ നിന്നും 400 മീറ്റര്‍ താഴെയാണ് പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അണക്കെട്ട് മുതല്‍ വള്ളക്കടവ് വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരം പൂര്‍ണമായും പെരിയാര്‍ കടുവാ സങ്കേതത്തിന് ഉള്ളിലാണ്. അതിനാല്‍ ഈ ഭാഗം ഒഴിച്ചാണ് സര്‍വ്വേ നടത്തുന്നത്.
അണക്കെട്ടിന്‍റെ താഴ്വരയില്‍ നദിയുടെ ഇരുകരകളിലും നേരത്തെ ബ്ലഡ് മാര്‍ക്ക് രേഖപ്പെടുത്തിയിരുന്നു. ഇതില്‍ നിന്നും അഞ്ച് കിലോമീറ്ററോളം ഉള്ളിലേക്ക് മാറ്റി ബ്ലഡ് മാര്‍ക്കിംഗ് നടത്തുന്നുണ്ട്. പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ ഓരോ 200 മീറ്റര്‍ ഇടവിട്ട് നദിയുടെ ആഴവും വീതിയും അളന്ന് തിട്ടപ്പെടുത്തുന്നുമുണ്ട്.
പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവരുടെ എണ്ണവും ഇതോടൊപ്പം ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന സര്‍വ്വേയുടെ അടിസ്ഥാനത്തിലായിരിക്കും പുതിയ അണക്കെട്ടിന്‍റെ സ്പില്‍വേകള്‍ നിര്‍മ്മിക്കുക. വന ഭാഗത്തിന് പുറത്തുള്ള സര്‍വ്വേ നടപടികള്‍ ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
25 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന സര്‍വ്വേ സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെയാണ് ചെയ്യുന്നത്. എന്നാല്‍ കേന്ദ്ര വനം, പരിസ്ഥിതി വകുപ്പുകളുടെ അനുമതി ലഭിക്കാത്തതിനാല്‍ വന മേഖലയില്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചിട്ടില്ല.