പുതിയ തലമുറ ഏറെയൊന്നും ശ്രദ്ധിക്കാതെ പോയ ഉജ്ജ്വല വ്യക്തിത്വമാണ് തെക്കേ ഇന്ത്യക്കാരിയായ കമലാദേവി ചതോപാദ്ധ്യായ. സ്ത്രീ സമത്വം, സ്ത്രീ ശാക്തീകരണം എന്നിവയ്ക്കും സ്വാതന്ത്ര്യ സമരത്തിന് ക്രാന്തദര്‍ശിയായ അവര്‍ നല്കിയ സംഭാവന പകരം വയ്ക്കാനില്ലാത്തവയാണ്.
ഗാന്ധിജിയെപ്പോലുള്ള പ്രഗത്ഭരില്‍ നിന്നുള്ള എതിര്‍പ്പുകളും അവഗണനകളും അതിജീവിച്ചുകൊണ്ടായിരുന്നു കമലയുടെ മുന്നേറ്റം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും അധികാരത്തിനും വേണ്ടി അവര്‍ അക്ഷീണം യത്നിച്ചു. അതിന് എതിരുനിന്നവര്‍ ആരായാലും അവരെ എതിര്‍ത്തു. ഇത്ര ആര്‍ജ്ജവവും ചങ്കുറപ്പും കാണിച്ച വനിതാ നേതാക്കള്‍ ഈ നൂറ്റാണ്ടില്‍ കുറവായിരിക്കും.
1903 ഏപ്രില്‍ മൂന്നിനായിരുന്നു അവര്‍ ജനിച്ചത്. 2003 ല്‍ അവരുടെ ജന്മശതാബ്ദി അത്രയേറെ ശ്രദ്ധിക്കാതെ കടന്നു പോയി. വീണ്ടും ഒരു ഏപ്രില്‍ മൂന്ന് കമലാദേവി ചതോപാദ്ധ്യായക്ക് പ്രണാമങ്ങള്‍ അര്‍പ്പിക്കാന്‍ ഒരു ദിനം കൂടി.
എമ്പത്തിയാറാമത്തെ വയസ്സില്‍ (1988) മരിക്കുന്നതു വരെ കമലാ ദേവി ഊര്‍ജ്ജസ്വലയായിരുന്നു. ജീവിതം ഏറ്റവും അര്‍ത്ഥവത്തായ പ്രവര്‍ത്തികള്‍ക്ക് വേണ്ടി നീക്കിവച്ച കമലാദേവിയുടെ ജീവിതം വരും തലമുറയ്ക്കൊരു പാഠമാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രംഗത്തെ കാല്പനിക സ്ത്രീരൂപമാണ് അവര്‍. ജനിച്ച് നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷവും കമലാദേവിയുടെ സ്വാതന്ത്ര്യ ചിന്തയും സ്ത്രീ സമത്വ വാദവും കൂടുതല്‍ പ്രസക്തമാവുന്നു.