മലയാളത്തില്‍ കൃഷ്ണകുമാര്‍, ഹിന്ദിയില്‍ കെ.കെ

WEBDUNIA|
കെ.കെ. ബോളിവുഡ് സംഗീതലോകത്ത് ഇപ്പോള്‍ ഏറെ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. ഈ ചുരുക്കപ്പേര്. "ഹം ദില്‍ ദേ ചുകേ സനം', "ഹം രാസ്' തുടങ്ങിയ ചിത്രത്തിലൂടെ ചുവടുറപ്പിച്ച ഈ നാമം "ദില്‍ ചാഹ്താ ഹേ'യിലൂടെ യുവാക്കളുടെ ഹരമായി മാറുകയും ചെയ്തിരിക്കുന്നു.

കെ.കെ. എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളികള്‍ അപരിചതമായതെന്തോ കേട്ടപോലെ മുഖം തിരിച്ചേക്കും. എന്നാല്‍ ഈ കെ.കെ. മലയാളിയായ കൃഷ്ണകുമാറാണെന്നറിയുമ്പോഴോ? അതെ, ഡല്‍ഹിയില്‍ വളര്‍ന്ന് ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന കൃഷ്ണകുമാറാണ് ഇന്ന് ബോളിവുഡിലെ തിരക്കേറിയ ഗായകനായ കെ.കെ.

""ഞാന്‍ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അബ്ബായുടെ മാസ്റ്റര്‍ പീസായ ഫെര്‍ണാണ്ടോയായിരുന്നു സ്റ്റേജിലെ എന്‍റെ ആദ്യപ്രകടനം. ഹൈസ്കൂളിലെത്തിയപ്പോള്‍ കിഷോര്‍കുമാറിന്‍റെയും മുഹമ്മദ് റാഫിയുടെയും ആരാധകനായിരുന്നു ഞാന്‍. കോളേജ് ദിനങ്ങളില്‍ ഉറിയാ ഹീപ്പും, ഡഫ് ലെപ്പാര്‍ഡും എന്നെ സ്വാധീനിച്ചെങ്കിലും പിന്നീട് ബില്ലി ജോയലും ബ്രയന്‍ ആദംസുമായിരുന്നു എന്‍റെ ആരാധ്യപുരുഷര്‍. ഇവരില്‍ കൂടിയൊക്കെയാണ് ഞാന്‍ സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്''- കെ.കെ.യുടെ വാക്കുകള്‍ കടന്നുവന്ന വഴികളെക്കുറിച്ചാണ്.

""എനിക്കറിയില്ല ഞാനെപ്പോഴാണ് ഒരു പ്രൊഫഷണല്‍ ഗായകനായി മാറിയതെന്ന്. മുംബൈയില്‍ എനിക്കൊരു നിലനില്‍പ്പുണ്ടാകുന്നത് എല്ലാ സിറ്റികളുടെയും അടിസ്ഥാന താളമായി സംഗീതം മാറിയിരിക്കുന്നു എന്നതുകൊണ്ടാണ്. അത്തരത്തിലുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മുംബൈ''.

പലര്‍ക്കുമറിയില്ല, ഇന്ന് ഹിറ്റായ പല കോളാപരസ്യങ്ങള്‍ക്കും ശബ്ദം നല്‍കിയത് ഈ കൃഷ്ണകുമാറാണെന്ന്. "യെഹി ഹേ റൈറ്റ് ചോയ്സ്' എന്ന് "യേ ദില്‍ മാംഗേ മോര്‍' എന്നും ഉറക്കെ പാടിയ ആ സ്വരത്തിന്‍റെ ഉടമയ്ക്ക് കോള്‍ഗേറ്റ്, മോണ്ടേ കാര്‍ലോ, പെപ്സി തുടങ്ങിയവയുടെ പരസ്യങ്ങളാണിഷ്ടം.

ലെസ്ലി ലൂയിസ് നിര്‍മ്മിച്ച "പാല്‍' ആയിരുന്നു കെ.കെ.യുടെ ആദ്യത്തെ പോപ് ആല്‍ബം. 1999-ല്‍ ആയിരുന്നു അത്. വാലന്‍റൈന്‍സ് ഡേയില്‍ യുവാക്കളെ ഏറ്റവുമധികമാകര്‍ഷിച്ച ഗാനങ്ങളായി "പാല്‍' ആല്‍ബം മാറി "ജസ്റ്റ് മൊഹബത്' എന്ന സീരിയലിന്‍റെ ടൈറ്റില്‍ ഗാനവും കെ.കെ.യ്ക്ക് പൊന്‍തൂവലായി മാറി.

""ഗുല്‍സാര്‍, എ.ആര്‍. റഹ്മാന്‍ തുടങ്ങിയ പ്രമുഖരായ പല സംഗീതകാരന്മാരോടുമൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. താല്‍, മാച്ചിസ്, മുഛേ കുച്ച് കെഹ്നാ ഹൈ, ജീസം, സപ്നേ, കുച്ച് തോ ഹൈ തുടങ്ങിയവ അതിലെനിക്ക് ഇഷ്ടപ്പെട്ട വര്‍ക്കുശളാണ്. ഞാന്‍ ഇതുവരെ പതിനൊന്നു ഭാഷകളില്‍ പാടിയിട്ടുണ്ട്. തമിഴിലും തെലുങ്കിലുമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളുള്ളത്.''

കെ.കെയ്ക്ക് "തടപ് തടപ്' എന്ന ഗാനത്തിന് ഇപ്പോള്‍ എ.പി. ഫിലിം ജേര്‍ണലിസ്റ്റ്സ് അവാര്‍ഡ് ലഭിച്ചു.

""എന്‍റെ ആദ്യത്തെ ആല്‍ബത്തില്‍ സ്ളോ നമ്പരുകളായിരുന്നു ഉപയോഗിച്ചത്. ആള്‍ക്കാരുടെ അഭിരുചിക്കനുസരിച്ച് ഫാസ്റ്റു നമ്പരുകളും ഉപയോഗിക്കാനാണ് എന്‍റെ തീരുമാനം''.

മലയാളത്തിന്‍റെ കൃഷ്ണകുമാര്‍ ഇന്ത്യയൊട്ടാകെ ഇന്ന് കെ.കെ. എന്ന പേരില്‍ വളര്‍ന്നു കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :