ഹാര്‍ലിയില്‍ മലയാളിപ്പെണ്ണിന്റെ സവാരി!

WEBDUNIA|
PRO
PRO
"ഇവന്‍ ഒരു ബൈക്ക് തന്നെയാണോ? ആദ്യമായി ഓടിച്ചു നോക്കിയപ്പോള്‍ മറ്റേതോ ലോകത്ത് എത്തിയതുപോലെ തോന്നി"- ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിനെക്കുറിച്ച് സാക്ഷാല്‍ അമിതാഭ് ബച്ചന്‍ ഒരിക്കല്‍ പറഞ്ഞു. ഒരു ചിത്രത്തിന് വേണ്ടി ഓടിച്ചപ്പോള്‍ തന്നെ ഈ ബൈക്ക് ബിഗ് ബി യുടെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞിരുന്നു. ബൈക്കുകളിലെ ഈ അമേരിക്കന്‍ ഇതിഹാസം ഇന്ന് യുവാക്കളിടെയെല്ലാം ഇഷ്ടമോഡല്‍ ആണ്.

ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കില്‍ കുതിച്ചുപായുന്നത് യുവത്വം സ്വപ്നം കാണാറുണ്ട്. ബൈക്കിന്റെ ഭാരം കാരണം വഴങ്ങില്ലെന്ന ധാരണയില്‍ സ്ത്രീകളുടെ സ്വപ്നത്തില്‍ പോലും ഇവന്‍ വരാറില്ലെന്നുമാത്രം. എന്നാല്‍ ആണുങ്ങള്‍ മാത്രം ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളില്‍ ചെത്തി നടന്നാല്‍ മതിയോ? വനിതകള്‍ക്കും ഒരു കൈനോക്കിയാലെന്താ, അല്ലേ. ബാംഗ്ലൂരിലെ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ എച്ച് ആര്‍ മാനേജര്‍ ആയി ജോലി നോക്കുന്ന കോട്ടയം വാകത്താനം സ്വദേശിനി ഷീജ മാത്യൂസ് ഈ ആഗ്രഹം മനസ്സില്‍ ഒതുക്കിയില്ല. ഒരു സുന്ദരന്‍ ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിനെ തന്റേതാക്കുക തന്നെ ചെയ്തു. ഏഴുവയസ്സുകാരന്റെ അമ്മ കൂടിയായ ഷീജ ഈ ബൈക്ക് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ എന്ന നേട്ടത്തിനും ഉടമയായിരിക്കുകയാണ്.

മുപ്പത്തിനാലുകാരിയായ ഷീജ കഴിഞ്ഞ 10 വര്‍ഷമായി ഭര്‍ത്താവിന്റെ 350 സി സി രാജ്ദൂത് ബൈക്കാണ് ഓഫീസ് യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. ഈ ബൈക്ക് മാറ്റാന്‍ സമയമായി എന്ന് തനിക്ക് അടുത്തിടെ തോന്നിയിരുന്നുവെന്നും ഇതേതുടര്‍ന്നുള്ള അന്വേഷണമാണ് ഹാര്‍ലി ഡേവിഡ്സണിലെത്തിച്ചതെന്നും ഷീജ പറയുന്നു.

അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്സണ്‍ തങ്ങളുടെ ബൈക്കുകള്‍ കഴിഞ്ഞ വര്‍ഷം മുതലാണ് ഇന്ത്യയില്‍ വിറ്റഴിച്ചു തുടങ്ങിയത്. 5.5 ലക്ഷം രൂപയ്ക്കും 38.66 ലക്ഷത്തിനും ഇടയില്‍ വിലയുള്ള പതിനഞ്ചോളം മോഡലുകളാണ് ഇന്ത്യയില്‍ ലഭ്യമാകുന്നത്. ഷീജ സ്വന്തമാക്കിയ 833 സി സി എഞ്ചിനുള്ള ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിന്റെ കമ്പനി വില 6.5 ലക്ഷം രൂപയാണ്. എന്നാല്‍ നികുതിയും മറ്റ് കാര്യങ്ങളുമായി എട്ട് ലക്ഷം ഷീജ ബൈക്കിനായി മുടക്കിയത്. ഹാര്‍ലി വാങ്ങാനുള്ള തുകയുടെ 20 ശതമാനം ബിസിനസുകാരനായ ഭര്‍ത്താവാണ് നല്‍കിയത്.

പതിനഞ്ചാം വയസ്സ് മുതലേ ബൈക്ക് യാത്രയില്‍ ഹരമുള്ളയാളാണ് ഷീജ. ടാറ്റ സഫാരി, ഷെവര്‍ലെ ക്രൂസ് തുടങ്ങിയ വാഹനങ്ങളും ഷീജയ്ക്ക് പ്രിയം തന്നെ. സാഹസിക-കായിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്ന ഷീജ ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക് ഉടമകളുടെ ക്ലബില്‍ ചേരാന്‍ ഒരുങ്ങുകയാണ്. എന്തിനെന്നോ? ഈ ക്ലബ് ഊട്ടി പോലുള്ള സ്ഥലത്തേക്ക് സാഹസിക ട്രിപ്പുകള്‍ നടത്താറുണ്ട്. അതില്‍ പങ്കുചേരാന്‍. ഇത്തരം സാഹസികയാത്രകള്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് ഷീജ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :