ഭാര്യയെ ഞാന്‍ കൊന്നു, എന്തിനെന്നോ?

WEBDUNIA|
പൊലീസിന് കൂടാതെ, സ്വന്തം അച്ഛനും മഹേഷ് ഒരു കത്ത് എഴുതിവച്ചിരുന്നു. അച്ഛന്‍ ശാസിച്ചതിനെ തുടര്‍ന്ന് പത്ത് വര്‍ഷം മുമ്പ് മഹേഷ് നാടുവിട്ടതാണ്. തുടര്‍ന്ന് അച്ഛനോട് മഹേഷ് സംസാരിക്കുകയുണ്ടായിട്ടില്ല. നടന്നതിനൊക്കെ മാപ്പ് തരണം എന്ന് അപേക്ഷിച്ചുകൊണ്ടാണ് മഹേഷ് അച്ഛന് കത്ത് എഴുതിയിരിക്കുന്നത്.

“കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ ‘അച്ഛാ’ എന്ന് വിളിച്ചിട്ടില്ല. അച്ഛനെ എനിക്ക് എന്തിഷ്ടമാണെന്നോ! അച്ഛനോട് സംസാരിക്കണമെന്ന് ഞാന്‍ പലവട്ടം ചിന്തിച്ചതാണ്. എന്നാല്‍ പറ്റിയില്ല. അച്ഛനോട് ഒരു കാര്യം പറയണമെന്ന് ഞാന്‍ കരുതിയിരുന്നു. അതും നടന്നില്ല...”

“അടുത്ത ജന്മത്തില്‍ ഞാന്‍ അച്ഛന് ഒരു പെണ്‍കുട്ടിയായി പിറക്കും. ആണ്‍‌കുട്ടി ആയതിനാലാണല്ലോ ഞാന്‍ വീടുവിട്ട് പോയതും വീടുമായി ബന്ധമില്ലാത്തതും. പെണ്‍‌കുട്ടി ആണെങ്കില്‍ നിങ്ങളുടെയൊക്കെ സ്നേഹം അനുഭവിച്ചുകൊണ്ട് വീട്ടില്‍ തന്നെ കഴിയാം... അച്ഛാ, അടുത്ത ജന്മത്തില്‍ ഞാന്‍ അച്ഛനെ നല്ലപോലെ നോക്കിക്കൊള്ളാം.. ഈ ജന്മത്തില്‍ അതിനിനി സാധിക്കുകയില്ലല്ലോ..”

“അമ്മേ, ഞാന്‍ അമ്മയ്ക്ക് തന്ന സത്യം പാലിക്കാന്‍ എനിക്ക് കഴിഞ്ഞില്ലല്ലോ.. പാലിക്കാന്‍ പറ്റില്ലെന്ന് സത്യം ചെയ്തപ്പോള്‍ തന്നെ എനിക്ക് അറിയാമായിരുന്നു.. നമ്മള്‍ ഭക്ഷണത്തിന് കഷ്ടപ്പെടുന്ന കാലത്ത് ഞങ്ങളെയൊക്കെ ഊട്ടാന്‍ അമ്മ പാടുപെട്ടിരുന്നത് എനിക്കറിയാം. അടുത്ത വീട്ടില്‍ നിന്ന് എന്തെങ്കിലും അമ്മയ്ക്ക് കിട്ടിയാല്‍ അത് കഴിക്കാതെ, ഞങ്ങള്‍ക്ക് കൊണ്ടുവന്ന് തന്നിരുന്ന അമ്മയെ ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്... അമ്മയെ ഒന്ന് ഉമ്മ വയ്ക്കാന്‍ എനിക്ക് കൊതിയുണ്ട്.. ഇപ്പോള്‍ ഞാന്‍ അമ്മയെ ഉമ്മ വയ്ക്കുന്നു...”

“പ്രിയാ, നീ അനിയത്തിയാണെങ്കിലും നിന്നോടൊപ്പം അധികം താമസിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. നിന്നെപ്പറ്റി ചിന്തിക്കുമ്പോഴൊക്കെ ഞാന്‍ കരയാറുണ്ട്. ഇപ്പോള്‍ ഇത് എഴുതുമ്പോഴും ഞാന്‍ കരഞ്ഞുകൊണ്ടിരിക്കുന്നു... ഈ ജന്മത്തില്‍, നിന്റെ ജ്യേഷ്ഠന്‍ എന്ന നിലയിലുള്ള എന്റെ കടമകളൊന്നും ഞാന്‍ ചെയ്തില്ല. മാപ്പ് തരിക... നിന്റെ പ്രസവത്തിനായി എന്റെ പക്കലുള്ള 60,000 രൂപ കൂട്ടുകാരന്റെ കയ്യില്‍ ഏല്‍‌പിച്ചിട്ടുണ്ട്...”

“ഈ തീരുമാനം ഞാന്‍ പെട്ടെന്ന് എടുത്തതല്ല.. ഞാനും ഷമീലയും പ്രേമിക്കുമ്പോഴേ ഞാനെടുത്ത തീരുമാനമാണിത്. എന്റെ ജീവിതവും സ്വപ്നവും ലക്‌ഷ്യവും മാത്രമാണ്. ഷമീലയെ എന്റെ ശരീരത്തില്‍ നിന്നോ മനസില്‍ നിന്നോ ആര്‍ക്കും മാറ്റാനാകില്ല. രക്തത്തില്‍ ഊറിയ കാര്യമാണിത്. ഇത് അവള്‍ക്കും അറിയാം...”

“ഷമീലയെ പിരിഞ്ഞിരിക്കാന്‍ പറ്റാത്ത എനിക്ക് അവള്‍ ഇപ്പോള്‍ ഈ ഭൂമിയില്‍ ഇല്ലാതിരിക്കുമ്പോള്‍ എങ്ങനെ ജീവിക്കാന്‍ കഴിയും? അവളെ കൊലപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ ദുഃഖവും കരച്ചിലും അടക്കാന്‍ എനിക്ക് വയ്യായിരുന്നു. അതുകൊണ്ടാണ് സ്വന്തം നാട്ടിലേക്ക് വന്നത്...”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :