സിസ്റ്റര്‍ ആന്‍സി എന്തിന് ആത്മഹത്യ ചെയ്യണം?

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തിരുവനന്തപുരം പൂങ്കുളം കോണ്‍വെന്റിലെ സിസ്റ്റര്‍ ആന്‍സി വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലുള്ള ചോദ്യങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം ആന്‍സിയുടെ മരണം ആത്മഹത്യയാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ് എന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ആന്‍സി ഒരിക്കലും ചെയ്യില്ലെന്ന് അവരുടെ ബന്ധുക്കളും കോണ്‍‌വെന്റിന് സമീപത്തെ നാട്ടുകാരും പറയുന്നുണ്ട്.

വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. മുങ്ങിമരിക്കുമ്പോള്‍ അവര്‍ക്ക് ബോധമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ആന്തരികാവയവങ്ങളുടെയും വാട്ടര്‍ ടാങ്കിലെ ജലത്തിന്റെയും പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ കാര്യങ്ങള്‍ക്ക് വ്യക്തത വരുകയുള്ളൂ. ത്വക്‌രോഗം ബാധിച്ച് ആന്‍സിയുടെ ദേഹം മുഴുവന്‍ ചുവന്ന് തടിച്ചിരുന്നു എന്ന് കൂടെ താമസിച്ചിരുന്നവര്‍ പൊലീസിനോട്‌ പറഞ്ഞിട്ടുണ്ട്. ഗുളികകള്‍ കഴിക്കുന്നുണ്ടെങ്കിലും രോഗത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ഇവര്‍ക്ക് പ്രമേഹരോഗവും ഉണ്ടായിരുന്നു.

കോണ്‍‌വെന്റിന് സമീപത്തെ ചന്ദ്രാമെഡിക്കല്‍ സെന്ററിലെ ഡോക്ടറാണ് ഇവരെ ചികിത്സിച്ചിരുന്നത്. ഈ ഡോക്ടറെ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ചോദ്യം ചെയ്യും. ആന്‍സിയുടെ അസുഖങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഈ ഡോക്ടര്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ എന്നും അന്തേവാസികള്‍ പറയുന്നു. കുറച്ചു ദിവസമായി ഇവര്‍ വിഷാദത്തില്‍ ആയിരുന്നു എന്നും ചികിത്സയ്ക്കായി മറ്റൊരു ഡോക്ടറെ കാണാനിരിക്കെയാണ് മരണം സംഭവിച്ചതെന്നും പറയുന്നുണ്ട്. ടാങ്കിലേക്ക് നോക്കിയപ്പോള്‍ കാല്‍ തെറ്റി വീണതാവാമെന്നും അല്ലെങ്കില്‍ മരിക്കാനായി ടാങ്കിലേക്ക് ചാടിയതാവാമെന്നും സംശയമുണ്ട്.

എന്നാല്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മരണത്തിന് പിന്നില്‍ ഒട്ടേറെ ദുരൂഹതകളുണ്ടെന്ന സംശയം ബലപ്പെട്ടുവരികയാണ്. ടാങ്കില്‍ വെള്ളമുണ്ടോ എന്ന്‌ നോക്കുന്നതിനിടയില്‍ ആന്‍സി കാല്‍ വഴുതി വീണെന്നാണ് കോണ്‍വെന്റില്‍ നിന്ന്‌ കോട്ടയത്തെ ബന്ധുക്കളെ വിളിച്ചറിയിച്ചത്. ഇങ്ങനെ കള്ളം പറഞ്ഞത് എന്തിനായിരിക്കാം എന്നാണ് ബന്ധുക്കള്‍ ചോദിക്കുന്നത്. എല്ലാ ആഴ്ചയിലും ആന്‍സി വീട്ടിലേക്ക്‌ വിളിക്കാറുണ്ട്‌. കഴിഞ്ഞദിവസം വിളിച്ചപ്പോള്‍ സന്തോഷവതിയായി ഏറെനേരം സംസാരിച്ചു എന്നും അവരുടെ പിതാവ് ഫിലിപ്പ് പറയുന്നുണ്ട്. ആന്‍സി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ ആയിരുന്നു എന്നും കോണ്‍‌വെന്റ് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം ശരിയല്ലെന്ന് അവരുമായി അടുപ്പമുണ്ടായിരുന്ന നാട്ടുകാരില്‍ പലരും വ്യക്തമാക്കുന്നു.

ആത്‌മഹത്യ ചെയ്യാനായിരുന്നെങ്കില്‍ കോണ്‍വെന്റ്‌ വളപ്പില്‍ തന്നെ മറ്റ് പല സാധ്യതകളും ഉണ്ട്. ആന്‍സി മരിച്ചുകിടന്ന ടാങ്കിന്‌ സമീപത്ത് തന്നെ ആഴത്തിലുള്ള ഒരു കിണറുണ്ട്‌. പാലപ്പൂര്‍ ഹോളിക്രോസ്‌ എല്‍ പി സ്കൂള്‍ അദ്ധ്യാപികയായിരുന്ന ആന്‍സിയുടെ പ്രസന്നതയും നല്ല പെരുമാറ്റവും പ്രദേശത്തെ ജനങ്ങളെ അവരിലേക്കടുപ്പിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയം പയസ് ടെന്‍‌ത് കോണ്‍വെന്റിലെ സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തി കിണറ്റില്‍ ഇട്ടപ്പോള്‍ അവര്‍ കിണറ്റില്‍ വീണ് മരിക്കുകയാണെന്നായിരുന്നു എന്നാണ് കോണ്‍വെന്റ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അതൊരു കൊലപാതകമാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. ഇവിടെ, സിസ്റ്റര്‍ ആന്‍സിയുടെ കാര്യത്തില്‍ സംഭവിച്ചതെന്തായിരിക്കാം?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :