മഹേഷിന്റെ മൃതദേഹം വേപ്പുമരത്തില്‍ നിന്ന് താഴെയിറക്കിയ പൊലീസിന് രണ്ട് കത്തുകള്‍ ലഭിച്ചു. അതിലൊന്ന് പൊലീസിനും മറ്റൊന്ന് സ്വന്തം അച്ഛനും മഹേഷ് എഴുതിയ കത്തുകളായിരുന്നു. രണ്ട് കത്തുകളിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്. താനെന്തിന് ഭാര്യയെ കൊന്നു എന്നും എന്തിന് ആത്മഹത്യ ചെയ്യുന്നു എന്നും ആരൊക്കെയാണ് ഈ ദുരന്തത്തിന്റെ കാരണക്കാര്‍ എന്നും കത്തില്‍ മഹേഷ് വിവരിച്ചിരുന്നു.
“പ്രിയപ്പെട്ട പൊലീസുകാരേ, നിങ്ങള്‍ എന്നെ തേടി വരും എന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ തന്നെയാണ് ആ കൊല ചെയ്തത്.”
“പഠിപ്പും പണവും ഉള്ള സ്ത്രീകള്‍ എല്ലാവരും എന്റെ ഭാര്യയെ പോലെ തന്നെയാണോ? എന്തുതരം സംസ്കാരമാണ് ഇവരുടേത്? നിമിഷങ്ങളുടെ സുഖം മാത്രമാണ് ഇവര്‍ക്ക് വേണ്ടത്. ഭര്‍ത്താവ്, കുടുംബം, സമൂഹം എന്ന് തുടങ്ങി ഒന്നിനെ പറ്റിയും ഇവര്‍ക്ക് ഭയമില്ല! വസ്ത്രം മാറുന്നത് പോലെയാണ് ഇവര്‍ പുരുഷന്മാരെ മാറ്റുന്നത്! എന്റെ ഭാര്യയും അതുതന്നെ ചെയ്തു...”
“പല പ്രാവശ്യവും ഞാന്‍ അവള്‍ക്ക് മുന്നറിയിപ്പ് കൊടുത്തതാണ്. ഈവിധം നടക്കരുതെന്ന്. കരഞ്ഞും കെഞ്ചിയും ഞാന്‍ അവളോട് എത്രയോ തവണ അപേക്ഷിച്ചതാണ്. ഒരു പ്രയോജനവും ഉണ്ടായില്ല. ഞാനവള്‍ക്ക് രണ്ട് അവസരം കൊടുത്തു. എന്നാല്‍ ഞാന്‍ നല്കിയ അവസരങ്ങള്‍ അവള് ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തത്..”
“വിവാഹമോചനത്തിന് അപേക്ഷിച്ച അവളെ ഞാന്‍ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരികയും മൂന്നാറിലേക്ക് കൊണ്ടുപോവുകയും ചെയ്തത് അവളെ കൊലപ്പെടുത്താനല്ല. അവള്‍ക്ക് എല്ലാ വിധത്തിലുള്ള സുഖവും റിസോര്‍ട്ടില്‍ വച്ച് നല്കി, സ്വയം മരിക്കാനാണ് ഞാന്‍ മൂന്നാറിലേക്ക് പോയത്. ഞാന്‍ മരിച്ചാലും അവള് സുഖമായി ജീവിക്കണം എന്നായിരുന്നു എന്റെ ലക്ഷ്യം”
“ഇനി മുതല്‍ നല്ല രീതിയില്‍ ജീവിക്കാം എന്ന് പറഞ്ഞ് റിസോര്‍ട്ടില്‍ വച്ച് ഒരു ഭിക്ഷക്കാരനെപ്പോലെ ഞാന്‍ അവളുടെ കാല് പിടിച്ച് കെഞ്ചി. ഒരു സഹജീവിക്ക് നല്‍കേണ്ട ബഹുമാനം പോലും അവള് എനിക്ക് തന്നില്ല. ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്ന അമ്മ തന്റെ കുഞ്ഞിനെയാണ് ആദ്യം കൊല്ലുക. താനില്ലാതായാല്‍ കുഞ്ഞിന് എന്തൊക്കെ സംഭവിക്കും എന്ന ഭയമാണ് ഇതിന് പിന്നില്‍. ഞാനും അതുതന്നെ തീരുമാനിച്ചു, ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഷമീലയെ കൊല്ലണം. പക്ഷേ അതിന് മുമ്പ് അവളെ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ആളുകളെയും കൊല്ലാന്‍ ഞാന്‍ തീരുമാനിച്ചു.”