ബ്രിട്ടാസ് വന്നു, ഏഷ്യാനെറ്റില്‍ ഇനി ‘ചിരി’യുടെ പൂരം!

WEBDUNIA|
PRO
കൈരളിയില്‍ നിന്ന് ജോണ്‍ ബ്രിട്ടാസ് വിട പറഞ്ഞപ്പോള്‍ സാക്ഷാല്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ കരയുന്ന മുഖത്തോടെ നടത്തിയ വിടനല്‍കല്‍ സമ്മേളനം കൈരളി തന്നെ പലവട്ടം സം‌പ്രേക്ഷണം ചെയ്ത് പ്രേക്ഷകരെയും കരയിച്ചതാണ്. കൈരളിയുടെ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ ബ്രിട്ടാസായിരുന്നു എന്ന് പിണറായി സഖാവ് സംശയമേതുമില്ലാതെ തുറന്നടിക്കുകയും ചെയ്തു. പിന്നീട് ബ്രിട്ടാസ് പോയത് കുത്തകമാധ്യമമെന്ന് സകലരും വിശേഷിപ്പിക്കുന്ന മര്‍ഡോക്കിന്‍റെ സ്വന്തം ഏഷ്യാനെറ്റിലേക്ക്. ബ്രിട്ടാസ് വന്നതോടെ ഏഷ്യാനെറ്റിന് ആകെപ്പാടെ ഒരു മാറ്റം.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ടുള്ള ചര്‍ച്ചയില്‍ ബ്രിട്ടാസ് എത്തിയതോടെ ചര്‍ച്ചയ്ക്ക് എരിവും പുളിയും അല്‍പ്പം കൂടിയെന്ന് പ്രേക്ഷകരും അഭിപ്രായപ്പെട്ടു. 'നമ്മള്‍ തമ്മില്‍’ ഇപ്പോള്‍ അവതരിപ്പിക്കുന്നത് ബ്രിട്ടാസാണ്. ശ്രീകണ്ഠന്‍ നായരുടെ ഓവര്‍സ്പീഡിനും ജഗദീഷിന്‍റെ ഓവര്‍ ആക്ടിങിനും അരുണിന്‍റെ ഇളകിയാട്ടത്തിനും ശേഷം ബ്രിട്ടാസ് എത്തുമ്പോള്‍ ആ മാറ്റം പ്രേക്ഷകര്‍ക്കും ഫീല്‍ ചെയ്യുന്നു. ശാന്തം ഗംഭീരം എന്നേ പറയേണ്ടൂ. പൃഥ്വിരാജിനെയും ഭാര്യയെയും ഇന്‍റര്‍വ്യൂ ചെയ്ത് റേറ്റിങില്‍ വിപ്ലവം സൃഷ്ടിച്ചതും ബ്രിട്ടാസ്.

ഇപ്പോഴിതാ, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിനു വേണ്ടി ജോണ്‍ ബ്രിട്ടാസ് പുതിയൊരു വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ്. ഏഷ്യാനെറ്റ് കുടുംബത്തില്‍ നിന്നും ‘ചിരി’ എന്നൊരു ചാനല്‍ വരുന്നു. ആശയത്തിന് പിറകിലുള്ള തല ബ്രിട്ടാസിന്‍റേതു തന്നെ. കോമഡിപ്പരിപാടികള്‍ക്ക് മാത്രമായി മലയാളത്തില്‍ ഇറങ്ങുന്ന ആദ്യത്തെ ചാനല്‍. ഏവരും ടെന്‍ഷനടിച്ച് പിരിമുറുക്കം കയറിയ മുഖവുമായി നടക്കുമ്പോള്‍ ‘ചിരി’ ചാനല്‍ തകര്‍പ്പന്‍ വിജയമാകുമെന്ന് ബ്രിട്ടാസിനറിയാം.

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍, ഏഷ്യാനെറ്റ് പ്ലസിലെ ചിരിക്കും തളിക തുടങ്ങിയ പരിപാടികള്‍ക്കുള്ള ജനപ്രീതിയാണ് ബ്രിട്ടാസിന് ‘ചിരി’ ചാനല്‍ തുടങ്ങാന്‍ പ്രേരണ നല്‍കിയത്. ചാനലിന്‍റെ കാര്യങ്ങള്‍ക്കായി ഡല്‍ഹി സന്ദര്‍ശനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു ബ്രിട്ടാസ്. എന്തായാലും ‘ചിരി’ ചാനല്‍ ഏഷ്യാനെറ്റ് ഉടമകള്‍ക്ക് ചിരിക്കാന്‍ വക നല്‍കുമോ എന്നത് കാത്തിരുന്നു കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :