ചിരിപ്പിച്ച് ചിന്തിപ്പിച്ച് സലീംകുമാര്‍

നീരജ് നായര്‍

WEBDUNIA|
PRO
PRO
വഴിവക്കില്‍ കാണുന്ന നാട്ടുകാരന്റെ ഭാവമാണ് നടന്‍ സലീംകുമാറില്‍ എന്നും‍. ഒരു ശരാശരി മലയാളിയുടെ ഭാവങ്ങളായിരുന്നു ഈ നടന്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്. ചിരിപ്പിച്ച് രസിപ്പിച്ച് മലയാളികളെ അല്‍‌പം ചിന്തിക്കാനും പ്രേരിപ്പിക്കുന്നതാണ് സലീം‌കുമാറിന്റെ കഥാപാത്രങ്ങള്‍. കോമഡി നടനെന്ന നിലയില്‍ അരങ്ങേറിയ സലീംകുമാര്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുമ്പോള്‍ അത് മലയാളിത്തത്തിനുള്ള അംഗീകാരം കൂടിയുള്ളതാകുന്നത് ഇതൊക്കെകൊണ്ടാണ്.

ഇഷ്ടമാണ് നൂറു വട്ടം എന്ന ചിത്രത്തിലൂടെയാണ് സലീംകുമാര്‍ വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചിരിയുടെ പൂത്തിരികള്‍ കത്തിച്ച് സലീംകുമാര്‍ തീയേറ്ററുകളിലെത്തി. ഉദയപുരം സുല്‍ത്താന്‍, തെങ്കാശിപ്പട്ടണം, ചതിക്കാത്ത ചന്തു, കല്യാണരാമന്‍, സി ഐ ഡി മൂസ തുടങ്ങി നിരവധി ചിത്രങ്ങളിലാണ് സലീംകുമാര്‍ ചിരിമരുന്നുമായെത്തിയത്.

വേദനയൊളിപ്പിച്ച് ചിരിക്കുന്ന ചില കഥാപാത്രങ്ങളും ഈ നടന്‍ അവതരിപ്പിച്ചു. ഗ്രാമഫോണ്‍, പെരുമഴക്കാലം തുടങ്ങിയ ചിത്രങ്ങളിലായിരുന്നു അത്. ലാല്‍ ജോസ് ഒരുക്കിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയം സലീംകുമാറിന്റെ കരിയറിലെ നിര്‍ണ്ണായകമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് 2007-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം സലീംകുമാറിനെ തേടിയെത്തി. ഇപ്പോള്‍ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സലീകുമാറിന് ലഭിച്ചിരുന്നു.

കലാലയ ജീവിതത്തില്‍ മിമിക്രിയിലൂടെയാണ് സലീംകുമാര്‍ കലാരംഗത്ത് എത്തുന്നത്. എറണാകുളത്തെ വടക്കന്‍ പറവൂര്‍ സ്വദേശിയായ സലീംകുമാര്‍ കൊച്ചിന്‍ കലാഭവനിലാണ് മിമിക്രി ജീവിതം തുടങ്ങുന്നത്. പിന്നീട് സലിംകുമാര്‍ കൊച്ചിന്‍ സാഗര്‍ മിമിക്രി ഗ്രൂപ്പില്‍ ചേര്‍ന്നു. നാലു വര്‍ഷത്തോളം, കൊച്ചിന്‍ ആരതി തിയേറ്റേഴ്സിന്റെ നാടകങ്ങളിലും ഈ നടന്‍ അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പ്രോഗ്രാമിലും സലീംകുമാര്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.

മാല്യങ്കര കോളേജിലാണ് കൊളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മലയാളത്തില്‍ ബിരുദാനന്തര ബിരുദധാരിയായ സലീംകുമാര്‍ 'ഈശ്വരാ, വഴക്കില്ലല്ലോ' എന്ന പേരില്‍ തന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുനിതയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ചന്തു, ആരോമല്‍ എന്നിവരാണ് മക്കള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :