'അവൾ എന്റെ നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ': മലയാളക്കരയെ കണ്ണീരിലാഴ്‌ത്തുന്ന കുറിപ്പ്

'അവൾ എന്റെ നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ': മലയാളക്കരയെ കണ്ണീരിലാഴ്‌ത്തുന്ന കുറിപ്പ്

Rijisha M.| Last Modified ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (09:14 IST)
ഇന്നലെ കേരളക്കര ഉണർന്നത് ഭാലബാസ്‌ക്കറിന്റെ വാർത്ത കേട്ടാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങൾ. ഉൾക്കൊള്ളാൻ കഴിയാത്ത ചില മരണ വാർത്തകൾ. അതുതന്നെയാണ് ഇന്നലെയും സംഭവിച്ചത്. പ്രശസ്‌ത വയലിനിസ്‌റ്റ് ബാലഭാസ്‌ക്കറിന്റെയും ലക്ഷ്‌മിയുടേയും രണ്ടരവയസ്സുള്ള മകൾ, 15 വർഷത്തോളം കാത്തിരുന്ന് ഉണ്ടായ മകൾ തേജസ്വിനി ബാലയുടെ മരണം നാടിന്റെ വേദനയായി.

കഴക്കൂട്ടത്തിനു സമീപം ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കാറപകടത്തിലാണ് തേജസ്വിനി മരിച്ചത്. കാറിന്റെ മുൻസീറ്റിൽ അച്ഛൻ ബാലഭാസ്‌ക്കറിന്റെ മടിയിലായിരുന്നു തേജസ്വിനി ഇരുന്നത്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിവരവേ തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത് ഇന്നലെ പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.

ബാലഭാസ്‌ക്കറിനും ലക്ഷ്‌മിക്കും പ്രാർത്ഥനകളുമായി കേരളക്കര മുഴുവൻ കൂടെ ഉണ്ട്. മകളുടെ മരണ വാർത്ത അറിയാതെ ആശുപത്രിയിൽ കഴിയുന്ന അവർക്ക് അത് താങ്ങാനുള്ള ശേഷി നൽകണമെന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. കിടിലൻ ഫിറോസിന്റെ ഫേസ്‌ബുക്ക് കുറിപ്പുകളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ അദ്ദേഹത്തെ വിളിച്ചപ്പോൾ മകളെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും ഫിറോസ് കുറിപ്പിൽ പറയുന്നു

ഫിറോസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണ രൂപം:-

കോളേജ് പഠനകാലത്ത് ഏറ്റവുംഅടുപ്പമുള്ള ജ്യേഷ്‌ഠ സഹോദരനായിരുന്നു ബാലുച്ചേട്ടൻ. കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങൾ യുവജനോത്സവവേദികളിൽ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു! റേഡിയോയിൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചവരിൽ ഒരാൾ. ആ സ്നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു ,18 വർഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയിൽ സർജറി മുറിയിൽ ഉള്ളത്!

വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകൾ ഞാനും കേട്ടു. ചേച്ചി അപകട നിലതരണംചെയ്തു. ബാലുച്ചേട്ടൻ സ്‌പൈനൽ കോഡ് ന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ്. ബിപി ഒരുപാട് താഴെയും, എല്ലുകൾ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ! സര്ജറിക്ക് കയറ്റിയിട്ടുണ്ട്. മലയാളക്കരയുടെ മുഴുവൻ പ്രാർത്ഥനകളുണ്ട്. ബാലുച്ചേട്ടൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.

പ്രളയ സമയത്തു ചേട്ടൻ വിളിച്ചിരുന്നു. -ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട്. ഞാനും കൂടാം എന്റെ വയലിനുമായി. ക്യാമ്പുകളിൽ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോൾ മോളെന്തെയ്യുന്നു ചേട്ടാ ന്ന് ചോദിച്ചതോർക്കുന്നു. നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി. മനസ്സിലെ നോവായി കുഞ്ഞാവ പോയി. ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോൾ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ആകെ സങ്കടം, ആധി. എത്രയും വേഗം ഭേദമാകട്ടെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :