തിരുവനന്തപുരം|
Rijisha M.|
Last Modified ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (08:19 IST)
പ്രശസ്‌ത വയലിനിസ്‌റ്റ് ബാലഭാസ്‌ക്കറിന്റെയും ലക്ഷ്‌മിയുടേയും രണ്ടരവയസ്സുള്ള മകൾ തേജസ്വിനി ബാലയുടെ മരണം നാടിന്റെ വേദനയായി. കഴക്കൂട്ടത്തിനു സമീപം ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കാറപകടത്തിലാണ് തേജസ്വിനി മരിച്ചത്. കാറിന്റെ മുൻസീറ്റിൽ അച്ഛൻ ബാലഭാസ്‌ക്കറിന്റെ മടിയിലായിരുന്നു തേജസ്വിനി ഇരുന്നത്.
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിവരവേ തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത് ഇന്നലെ പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. അപകടസ്ഥലത്തുനിന്ന് പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നവമാധ്യമങ്ങളിലൂടെ പ്രചരിച്ച അപകടവാർത്തയും അച്ഛനമ്മമാർക്കൊപ്പമുള്ള തേജസ്വിയുടെ ചിത്രങ്ങളും എല്ലാവരെയും കണ്ണീരിലാഴ്‌ത്തി. 2000ൽ വിവാഹിതരായ ബാലഭാസ്‌ക്കറിനും ലക്ഷ്‌മിക്കും 15 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനും വഴിപാടുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമൊടുവില്‍ പിറന്ന കണ്‍മണിയായിരുന്നു അകാലത്തില്‍ പൊലിഞ്ഞ തേജസ്വിനി ബാല.
കുട്ടിയുമൊത്ത് തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ് ബാലഭാസ്‌കറും ഭാര്യയും. തേജസ്വിനിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.