രാജയോഗം

ആര്‍. രാജേഷ്

P.S. AbhayanWD
നേരം പുലര്‍ന്നു. ബംഗ്ളാവിന്‍റെ പാചകശാലയോടു ചേര്‍ന്ന് പടുകൂറ്റന്‍ തൂണിന്‍റെ ചെറിയ വിള്ളലിലൂടെ കുഞ്ഞന്‍ നൂഴ്ന്ന് പുറത്തിറങ്ങി. പാചകശാലയില്‍ ഇന്നു കാര്യമായെന്തെങ്കിലും കാണും. പിള്ളേര്‍ വന്നതിനാല്‍ തങ്ങള്‍ ക്കും കുശാലായി. മനമൊന്നു കുളിര്‍ത്തു. രാത്രി ഭാര്യയുമായി കട്ടിലില്‍ കിടന്നുരുണ്ടതിന്‍റെ ക്ഷീണത്തിലായിരുന്നു കുഞ്ഞന്‍. എന്നിട്ടും വാഷ് ബേസിനു സമീപത്തേക്ക് ആഞ്ഞു നടന്നു.

കഴുകാന്‍ വച്ചിരിക്കുന്ന പാത്രങ്ങളില്‍ കുഞ്ഞന്‍ ഓടി നടന്ന് അര്‍മാദിച്ചു. അതിനിടെ കുഞ്ഞന്‍ ആ കാഴ്ച കണ്ടു. ജാം കുപ്പിയുടെ അടപ്പിനുമേല്‍ എല്ലാം തികഞ്ഞ ഒരു യുവകോമളന്‍ നെഞ്ചു വിരിച്ചു നടക്കുന്നു. കട്ടുറുമ്പായതിന്‍റെ ഒരു നെഗളിപ്പ് അവനുണ്ട്. കുപ്പിയുടെ വായിലൂടെ കടന്ന അവന്‍ എടുത്താല്‍ പൊങ്ങാത്ത ജാമുമായാണ് തിരികെ വന്നത്. അധ്വാനിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നല്ല പണിക്കാരന്‍. മകള്‍ക്ക് എന്തു കൊണ്ടും ചേരും. നെഞ്ചു വിരിവിന്‍റെ കാര്യത്തില്‍ മാളുവും മോശമല്ല. ഒന്നു മുട്ടി നോക്കാം.

കുഞ്ഞന്‍ അടുത്തു ചെന്നിട്ടും അവനു കൂസലില്ല. അഹങ്കാരി! മാനം പോയാലെന്താ മകള്‍ക്ക് വരനെ കിട്ടുമല്ലോ എന്നോര്‍ത്തപ്പോള്‍ കുഞ്ഞന്‍റെ അഭിമാന ബോധം പൊയ്പ്പോയി. ''ഹേ, യുവാവേ, താങ്കള്‍ സ്വയം പരിചയപ്പെടുത്തിയാട്ടെ''.
"" കിളവാ തനിക്ക് വേറെ പണിയൊന്നുമില്ലേ? മെനക്കെടുത്താതെ പോ. എന്‍റെ കൈ മേടിക്കും''
ഇവനെന്താ ഇങ്ങനെ? ഇവനുമായി മാളു ചേരുമോ? അവസാന ശ്രമം എന്ന നിലയില്‍ കാര്യം നേരെ പറയാന്‍ കുഞ്ഞന്‍ തീരുമാനിച്ചു.
""എനിക്ക് വിവാഹപ്രായം തികഞ്ഞ ഒരു മോളുണ്ട്. താങ്കള്‍ അവിവാഹിതനെങ്കില്‍...എനിക്കു താങ്കളെ നന്നായി പിടിച്ചു.''
പെണ്ണുകെട്ട്, ആദ്യരാത്രി, പാല്‍, പഴം എന്നൊക്കെ ഓര്‍ത്തപ്പോള്‍ കട്ടുറുമ്പിന് കുളിരുകോരി.

"ക്ഷമിക്കൂ, അച്ഛാ, എന്‍റെ പേര് ചാണ്ടി. ബംഗ്ളാവിലെ കുളിമുറിയുടെ സമീപമാണ് താമസം. ബിസിനസുകാരനാണ് . അച്ഛനും അമ്മയും ഒരപകടത്തില്‍ മരിച്ചു. ബന്ധുക്കളെന്നു പറയാന്‍ ആരുമില്ല...''
"അതേതായാലും നന്നായി. മോന് ഞങ്ങളൊക്കെയില്ലേ...വിഷമിക്കാതെ...''
കുഞ്ഞന്‍ അവന്‍റെ മൂര്‍ധാവില്‍ ചുംബിച്ചു.

പെണ്ണുകാണാന്‍ ചാണ്ടി കൂട്ടുകാരനേം കൂട്ടിയാണ് ചെന്നത്. രാജകീയ സ്വീകരണം തന്നെ അവര്‍ക്കു ലഭിച്ചു. അടുത്ത ബന്ധുക്കളെയൊക്കെ കുഞ്ഞന്‍ ക്ഷണിച്ചിരുന്നു. ഒഴിവു ദിവസമായതിനാല്‍ മിക്കവരും എത്തുകയും ചെയ്തു. മാളു കാപ്പിയും ബിസ്കറ്റ് പൊടിയുമായി വന്നു. അവരുടെ കണ്ണുകള്‍ ഇടഞ്ഞു. മാളുവിനെ ചാണ്ടി ശ്വാസം പിടിച്ച് നോക്കിയിരുന്നു. " ഇപ്പഴത്തെ കാലമല്ലേ. പിള്ളേര്‍ക്ക് എന്തെങ്കിലും നോക്കാനും പിടിക്കാനും ഉണ്ടെങ്കില്‍... നമ്മളായിട്ട് എന്തിനാ...ചാണ്ടീടെ കൂട്ടുകാരാ നമുക്കൊന്ന് ഉലാത്താം...''

"പിന്നെന്താ മാളൂന്‍റെ അച്ഛാ...മാളുവിന് അനിയത്തിമാര്‍ ആരുമില്ലേ?'' കൂട്ടുകാരന് ആകാംക്ഷ.
"പിന്നെ ഒന്നിനും സമയം കിട്ടിയില്ല...തിരക്കായി പോയില്ലേ മോനേ...''
" കഷ്ടമായിപ്പോയി...''
" അതെന്താ?''
" അതല്ലാ...മാളു പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഒറ്റയ്ക്കാവുമല്ലോ എന്നോര്‍ത്തപ്പോള്‍...''
"അതിനെന്താ മോന്‍ ഈ വഴിയൊക്കെ വരണം...''
WEBDUNIA|
'പിന്നേ എന്‍റെ പട്ടി വരും" എന്നു മനസ്സില്‍ പറഞ്ഞ് അവന്‍ ചിരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :