വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ ബലമായി തുറക്കാന്‍ ശ്രമിച്ചു; മലയാളി പിടിയില്‍
കൊച്ചി: മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയായ ജംഷീര്‍ അത്താണിക്കല്‍ (36) ആണ് അറസ്റ്റിലായത്. നെടുമ്പാശ്ശേരി പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ബുധനാഴ്ച രാത്രി 9.30-നും 11.05-നും ഇടയിലാണ് സംഭവം നടന്നത്. OD 231 എന്ന വിമാനത്തില്‍ 12A സീറ്റിലായിരുന്നു ജംഷീര്‍ യാത്ര ചെയ്തിരുന്നത്. എഫ്.ഐ.ആര്‍ പ്രകാരം ഇയാള്‍ എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ ബലമായി തുറക്കാന്‍ ശ്രമിക്കുകയും എമര്‍ജന്‍സി വിന്‍ഡോ പാനല്‍ തകര്‍ക്കുകയും ചെയ്തു.
തന്നെ തടയാന്‍ ശ്രമിച്ച സഹയാത്രക്കാരെയും ക്യാബിന്‍ ജീവനക്കാരെയും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പിന്നീട് എല്ലാവരും ചേര്‍ന്ന് ഇയാളെ ബലമായി പിടിച്ചുമാറ്റി. മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച രാത്രി 11.10-നാണ് വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. ബാറ്റിക് എയര്‍ലൈന്‍സിന്റെ സുരക്ഷാ ചുമതലയുള്ള ബിന്ദു മോഹന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജംഷീറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഇയാള്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാളുടെ പശ്ചാത്തലം ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. എന്ത് സാഹചര്യത്തിലാണ് ഇയാള്‍ എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.