കുറുക്കുകാളന്‍
|
ചേരുവകള്‍
പുളിയുള്ള കട്ടത്തൈര് - 1 ലിറ്റര്‍
പച്ചമുളക് - 12-15 എണ്ണം
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
ജീരകം - 1/4 ടീസ്പൂണ്‍
തേങ്ങ ചിരകിയത് - 1/2 കപ്പ്
ഉലുവ - 1/4 ടീസ്പൂണ്‍
കടുക് - 1 ടേബിള്‍സ്പൂണ്‍
വറ്റല്‍ മുളക് മുറിച്ചത് - 2
വെളിച്ചെണ്ണ - 1 ടേബീള്‍സ്പൂണ്‍
കറിവേപ്പില - 2 കതിര്‍പ്പ്
ഉലുവപ്പൊടി - 1/4 ടീസ്പൂണ്‍
ഉപ്പ് - 2 1/2 - 3 ടീസ്പൂണ്‍
പച്ചമുളക് കഴുകി ഞെടുപ്പുമാറ്റി നെടുകെ പിളരുക. അറ്റം വിട്ടുപോകരുത്. പകുതി അല്ലെങ്കില്‍ മുക്കാല്‍ ഭാഗം വരെ പിളര്‍ന്നാല്‍ മതി. മുളക് കല്‍ച്ചട്ടിയിലിട്ട് മഞ്ഞള്‍പ്പൊടിയും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. വെള്ളം വറ്റാറാകുന്പോള്‍ കലക്കിയ തൈര് ഇതിലേക്കൊഴിച്ച് ചൂടാക്കുക. തീ കൂടുതല്‍ കത്തിക്കരുത്, കുറച്ച് മതി. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം.
അപ്പോള്‍ സാവധാനം തൈരിന് മുകളിലേക്ക് കുറേശ്ശെ പതപോലെ പൊങ്ങിവരും. തൈരിലെ ക്രീം ആണ് ഇങ്ങനെ പൊങ്ങുന്നത്. ഇത് ഒരു വലിയ സ്പൂണ്‍ അല്ലെങ്കില്‍ തവികൊണ്ട് കോരിക്കോരി എടുത്തു മാറ്റിവയ്ക്കുക. ക്രീം മുഴുവന്‍ ഇതുപോലെ മാറ്റിക്കഴിഞ്ഞാല്‍ വെള്ളം പോലെ നേര്‍ത്ത ഒരു ദ്രാവകം കല്‍ച്ചട്ടിയില്‍ കാണാം. ഇത് വറ്റിക്കുക. ഈ ദ്രാവകം എത്ര വറ്റിക്കുന്നുവോ അതിനനുസരിച്ച് കാളന്‍ കുറുകിയിരിക്കും. കാളന്‍ വേണ്ടത്ര കുറുകിക്കഴിഞ്ഞാല്‍ തേങ്ങയും ജീരകവുംകൂടി മിനുസമായി അരച്ചതു ചേര്‍ക്കുക. ഒന്നു തിളച്ചാലുടനെ മാറ്റി വച്ചിരിക്കുന്ന പത (തറമടളദ) അതായത് ക്രീം കൂടി ഒഴിച്ച് ഉടനെ വാങ്ങുക. നന്നായി ഇളക്കി വക്കുക.
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, മുളക് മുറിച്ചത്, ഉലുവ ഇവയിട്ട് മൂപ്പിച്ച് കടുക് പൊട്ടിയാലുടന്‍ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട് ഉലുവപ്പൊടി തൂകി ഇളക്കിവക്കുക. അല്‍പംകൂടി കഴിഞ്ഞ് ഉപ്പിട്ട് നന്നായി ഇളക്കുക.
ഈ കാളന് അല്‍പം നന്നായി പുളി കാണും. പുളി ഇഷ്ടമുള്ളവര്‍ക്ക് ഇത് കൂടുതല്‍ നന്നായി തോന്നും. പുളിയോട് അത്ര പ്രതിപത്തി ഇല്ലാത്തവര്‍ക്ക് ഏത്തപ്പഴം, കൈതച്ചക്കപ്പഴം, മാന്പഴം ഇവയിലേതെങ്കിലും ഒന്ന് പച്ചമുളകിന്‍റെ കൂടെ കഷണമായി ചേര്‍ത്താല്‍ മതി. ഏത്തപ്പഴം അധികം പഴുക്കാത്തത് ഒരെണ്ണം മതിയാവും ഒരു ലിറ്റര്‍ തൈരിന്. തൊലി കളഞ്ഞ് നെടുകെ പിളര്‍ന്ന് അല്‍പം കനത്തില്‍ അരിയണം. പഴം വെന്താല്‍ മാത്രം മതി; ഒട്ടും കുഴഞ്ഞുപോകരുത്.
പൈനാപ്പിള്‍ ഒന്നിന്‍റെ പകുതി മതി. തൊലിയും കൂഞ്ഞിലും കളഞ്ഞ് ചെറിയ കഷണങ്ങളാക്കണം. പൈനാപ്പിള്‍ വേകാന്‍ കൂടുതല്‍ സമയമെടുക്കും. അതു കുഴഞ്ഞുപോകുകയുമില്ല.