ബീഫ് റോസ്‌റ്റ് എന്നു കേട്ടാല്‍ വായില്‍ വെള്ളമൂറുന്നുണ്ടോ ?; തയ്യാറാക്കാം ഈസിയായി

  beef roast , food , recipe , ബീഫ് , ആരോഗ്യം , ചിക്കന്‍ , ബീഫ് റോസ്‌റ്റ്
Last Modified തിങ്കള്‍, 10 ജൂണ്‍ 2019 (19:42 IST)
മലയാളികളുടെ ഇഷ്‌ടഭക്ഷണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന വിഭവങ്ങളിലൊന്നാണ് ബീഫ്. ഫ്രൈ ആ‍യാലും കറി ആയാലും താല്‍പ്പര്യത്തിന് ഒരു കുറവുമുണ്ടാകില്ല. ബീഫ് പാചകം ചെയ്യുമ്പോള്‍ അല്‍പ്പം സ്‌പൈസി ആകണമെന്നാണ് ഭക്ഷണപ്രിയര്‍ പറയുന്നത്.

ബീഫ് റോസ്‌റ്റ് ഇഷ്‌ടമല്ലാത്തവരായി ആരുമില്ല. ബ്രഡ്, അപ്പം, കപ്പ, പെറോട്ട, പുട്ട് എന്നിവയ്‌ക്കൊപ്പം കഴിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല കറിയാണ് കേരളാ ബീഫ് റോസ്‌റ്റ്. എന്നാല്‍, ഇത് എങ്ങനെ തയ്യാറാക്കാം എന്ന ആശങ്കയാണ് പലരിലുമുള്ളത്. വളരെ സിമ്പളായി ഉണ്ടാക്കാന്‍ കഴിയുന്ന രുചികരമായ നോണ്‍ വിഭവങ്ങളിലൊന്നാണിത്.

കേരളാ സ്‌റ്റൈല്‍ ബീഫ് റോസ്‌റ്റ്

ചേരുവകൾ:-

ബീഫ് ചെറിയ കഷ്ണങ്ങളാക്കിയത് - 1 കിലോഗ്രാം
ചെറിയ ഉള്ളി - 1 കപ്പ്
സവാള - 4
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
പച്ചമുളക് - 4 എണ്ണം
തക്കാളി - 1
മുളക്പൊടി - 1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
ഗരം മസാല (ഇറച്ചി മസാലയും ഉപയോഗിക്കാം) - 2 ടീസ്പൂൺ
കുരുമുളക്പൊടി - അര ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തേങ്ങാക്കൊത്ത്
- 1 ടേബിൾ സ്‌പൂൺ
ചെറിയ ഉള്ളി അരിഞ്ഞത് - 2-3
എണ്ണം
വറ്റൽമുളക് - 2 -3 എണ്ണം
വെളിച്ചെണ്ണ - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-

ചെറിയ കഷണങ്ങളാക്കി നുറുക്കിയ ശേഷം ബീഫ് നന്നായി കഴുകി വെള്ളം വറ്റാന്‍ ഒരു പാത്രത്തില്‍ വെക്കണം. നിശ്ചിത സമയത്തിന് ശേഷം മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഇഞ്ചിവെളുത്തുള്ളി പേസ്‌റ്റ് എന്നിവ ബീഫില്‍ ചേര്‍ത്ത് നന്നായി ഇളക്കണം. തുടര്‍ന്ന് ബീഫ് കുക്കറില്‍ ഇട്ട് അരക്കപ്പ് വെള്ളമൊഴിച്ചു 4 - 5
വിസിൽ വരുന്നത് വരെ വേവിക്കുക.

ഒരു വലിയ പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി, സവോള എന്നിവ വഴറ്റിയെടുക്കണം. ഉള്ളിക്ക് ഒരു ബ്രൌണ്‍ കളര്‍ വരുന്നതോടെ പാനിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില, ചേർത്ത് നന്നായി വഴറ്റണം. എണ്ണ കുറവാണെന്ന് തോന്നിയാല്‍ ഒഴിച്ചു കൊടുക്കാം. പച്ചമണം മാറുന്നത് വരെ ഇളക്കണം. ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേര്‍ത്ത് നന്നായി ഇളക്കണം. പാന്‍ അടച്ചു വയ്‌ച്ചാല്‍ വേഗം വേകും. ഇടയ്‌ക്ക് ഇളക്കി കൊടുക്കണം.

15 മിനിറ്റ് ശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകു പൊടി, ഉപ്പ്, ഗരം മസാല എന്നിവ ഇട്ട് നന്നായി വഴറ്റണം. ഇതിലേക്ക് ബീഫ് ഇട്ട് വഴറ്റി 20 മിനിറ്റോടെ അടച്ചുവച്ച് വേവിക്കണം. മുകളിൽ എണ്ണ തെളിഞ്ഞു വരുന്നതോടെ തീ അണയ്‌ക്കാം.

മറ്റൊരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി തേങ്ങാക്കൊത്ത്, ചെറിയ ഉള്ളി അരിഞ്ഞത്, കറിവേപ്പില, വറ്റൽമുളകും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ഇത് ബീഫ് റോസ്റ്റിലേക്കൊഴിച്ച് കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുത്ത് പത്ത് മിനിറ്റിന് ശേഷം വിളമ്പാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :