ദേശീയ ചലച്ചിത്ര അവാര്‍ഡ്: സെല്ലുലോയ്ഡ് മികച്ച മലയാള ചിത്രം, കല്‍പ്പന സഹനടി, ലാലിനും തിലകനും പ്രത്യേക പരാമര്‍ശം
ന്യൂഡല്‍ഹി|
WEBDUNIA|
PRO
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാള സിനിമയ്ക്ക് 13 അവാര്‍ഡുകളാണ് ലഭിച്ചത്. ഇര്‍ഫാന്‍ ഖാനും(പാന്‍ സിംഗ് തോമാര്‍) വിക്രം ഗോഖലെയും(അനുമതി) ഏറ്റവും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. തിഗ്‌മാന്‍ഷു ധൂലിയ സംവിധാനം ചെയ്ത പാന്‍ സിംഗ് തോമാര്‍ ആണ് മികച്ച ചിത്രം. മറാത്തി നടി ഉഷാ ജാദവ്(ധാഗ്) ആണ് മികച്ച നടി. ധാഗ് എന്ന മറാത്തി ചിത്രം സംവിധാനം ചെയ്ത ശിവാജി ലോതന്‍ പാട്ടീല്‍ ആണ് മികച്ച സംവിധായകന്‍.
മികച്ച മലയാള ചിത്രമായി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് തെരഞ്ഞെടുക്കപ്പെട്ടു. ഒഴിമുറിയിലൂടെ ലാലും ഉസ്താദ് ഹോട്ടലിലൂടെ തിലകനും പ്രത്യേക പരാമര്‍ശം ലഭിച്ചിട്ടുണ്ട്. തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ പ്രകടനത്തിന് കല്‍പ്പനയെ മികച്ച സഹനടിയായി തെരഞ്ഞെടുത്തു.
സാമൂഹ്യപ്രസക്തിയുള്ള ചിത്രമായി സ്പിരിറ്റ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഭാഷണത്തിനുള്ള ദേശീയ പുരസ്കാരം അഞ്ജലി മേനോനാണ്. ഉസ്താദ് ഹോട്ടലിന് സംഭാഷണമൊരുക്കിയതിനാണ് അവാര്‍ഡ്. മികച്ച ദേശീയോദ്ഗ്രഥന ചിത്രം തനിച്ചല്ല ഞാന്‍(സംവിധാനം: ബാബു തിരുവല്ല). പരിസ്ഥിതി പ്രാധാന്യമുള്ള ചിത്രമായി ജോഷി മാത്യു സംവിധാനം ചെയ്ത ബ്ലാക്ക് ഫോറസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു.
പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ബിജിബാലിനാണ്. മികച്ച ശബ്ദലേഖകനായി എസ് രാധാകൃഷ്ണന്‍(അന്നയും റസൂലും) തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി ഉസ്താദ് ഹോട്ടല്‍ തെരഞ്ഞെടുക്കപ്പെട്ടു. ചിറ്റഗോംഗിലെ ‘ബോലോനാ’ എന്ന ഗാനം ആലപിച്ച ശങ്കര്‍ മഹാദേവനാണ് മികച്ച ഗായകന്‍. ഈ ഗാനം രചിച്ച പ്രസൂണ്‍ ജോഷിയാണ് മികച്ച സംഗീത സംവിധായകന്‍. 101 ചോദ്യങ്ങള്‍ സംവിധാനം ചെയ്ത സിദ്ദാര്‍ത്ഥ് ശിവയാണ് മികച്ച നവാഗത സംവിധായകന്‍.
വിശ്വരൂപത്തിലെ നൃത്തരംഗങ്ങള്‍ ഒരുക്കിയ ബിര്‍ജു മഹാരാജാണ് മികച്ച നൃത്തസംവിധാനത്തിനുള്ള പുരസ്കാരം നേടിയത്. ‘കഹാനി’യുടെ തിരക്കഥ രചിച്ച സുജയ് ഘോഷാണ് മികച്ച തിരക്കഥാകൃത്ത്.