സെല്ലുലോയ്ഡ് എന്ന സിനിമയ്ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ സിനിമ കാണാത്തവരാണെന്ന് സംവിധായകന്‍ കമല്‍. ചലച്ചിത്രത്തിലൂടെ, ചരിത്രത്തിലില്ലാത്ത ജെ സി ഡാനിയലിന്റെ മുഖം രേഖപ്പെടുത്താനാണ് താന്‍ ശ്രമിച്ചതെന്നും കമല്‍ പറഞ്ഞു. ചരിത്രം പുനരാവിഷ്കരിക്കുകയായായിരുന്നു സെല്ലുലോയ്ഡ് എന്ന ചലച്ചിത്രത്തിലൂടെ ചെയ്തത്. അവാര്‍ഡ് കിട്ടിയ സിനിമ കാണാന്‍ കൊള്ളുന്നതല്ല എന്ന ചില ധാരണ സെല്ലുലോയ്ഡ് പൊള്ളിച്ചെഴുതിയെന്നും അദ്ദേഹം പറഞ്ഞു,
ചേലങ്ങാട് ഗോപാലകൃഷ്ണന്‍ പുസ്തകത്തില്‍ കെ കരുണാകരനേയും മലയാറ്റൂര്‍ രാമകൃഷ്ണനേയും പരമാര്‍ശിക്കുന്നുണ്ട്. എന്നാല്‍ സിനിമയില്‍ അവരുടെ പേരുകള്‍ ബോധപൂര്‍വ്വം ഉപയോഗിച്ചിട്ടില്ലെന്ന് കമല്‍ വ്യക്തമാക്കി. കരുണാകരനെ അത്തരത്തില്‍ അപമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി താന്‍ ഖേദം പ്രകടിപ്പിക്കുവാന്‍ തയ്യാറാണെന്നും കമല്‍ പറഞ്ഞു. കലാകാരാന്‍മാരെ പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു കരുണാകരന്‍. കരുണാകരന്‍ കലാകാരന്മാരോട് മുഖം തിരിച്ച വ്യക്തിയാണെന്ന് കരുതുന്നില്ല.
സാംസ്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് സിനിമയെ തെറ്റിദ്ധരിച്ചാണ് ഇത്തരത്തിലുള്ള പ്രതികരണം നടത്തിയെന്നാണ് കരുതുന്നത്. ആ തെറ്റിദ്ധാരണ മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം കാഴ്ചപ്പാടിലൂടെ ചരിത്രത്തെ പുനരാവിഷ്കരിച്ചിട്ടുണ്ടെന്ന് എറണാകുളം പ്രസ്ക്ലബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ സി ഡാനിയലിന്റെ ജീവിതത്തിലെ സിനിമാ സാധ്യത മറ്റുള്ളവര്‍ കാണാതെ പോയത് ഭാഗ്യമായാണ് കരുതുന്നത്. അതിനാലാണ് ഇത്തരത്തിലുള്ള ഒരു സിനിമ രൂപപ്പെട്ടത്. നടന്‍ ജഗദീഷ് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തോട് യോജിക്കുന്നില്ല. സംവിധായകന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് സിനിമയ്ക്ക് ആവശ്യമായ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചില ഭാഗങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
സിനിമ ഉള്‍പ്പെടെയുള്ള കലാസൃഷ്ടി കാണാനുള്ള സഹിഷ്ണുത പ്രകടിപ്പിക്കാതെ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. സെല്ലുല്ലോയ്ഡ് വിമര്‍ശനങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണെങ്കിലും അത് ഇനി എഡിറ്റ് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.