സെല്ലുലോയിഡ് വിവാദം കെട്ടടങ്ങുന്നതിന് മുന്‍പെ മഞ്ചാടിക്കുരുവിന്റെ പേരിലും വിവാദം. മഞ്ചാടിക്കുരുവിന്റെ തിരക്കഥാകൃത്ത് അഞ്ജലി മേനോന്‍ അവാര്‍ഡ് നല്‍കിയതിനെ ചൊല്ലിയാണ് വിവാദം. ഈ സിനിമ 2007ല്‍ സെന്‍സറിങ്ങിനു സമര്‍പ്പിക്കുകയും 2008ല്‍ രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ (ഐഎഫ്‌എഫ്കെ) പ്രദര്‍ശിപ്പിച്ച് അംഗീകാരങ്ങള്‍ നേടുകയും ചെയ്‌തതാണെന്നു വിമര്‍ശകര്‍ പറയുന്നു.
അന്നത്തെ സിനിമയില്‍ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു 2012ല്‍ സെന്‍സര്‍ ചെയ്‌ത ശേഷം അവാര്‍ഡിനു സമര്‍പ്പിച്ചതു ശരിയായില്ലെന്നാണു വിമര്‍ശകരുടെ വാദം. എന്നാല്‍ ചലച്ചിത്ര മേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ചെയ്യണമെന്നു നിര്‍ബന്ധമില്ല.
നവാഗത ഇന്ത്യന്‍ സംവിധായകര്‍ക്കായി ഏര്‍പ്പെടുത്തിയ ഹസന്‍കുട്ടി അവാര്‍ഡ് (50,000) ആദ്യമായി ലഭിച്ചതു മഞ്ചാടിക്കുരു സംവിധാനം ചെയ്‌ത അഞ്ജലി മേനോന് ആയിരുന്നു. ചലച്ചിത്രോല്‍സവത്തിലെ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡും അന്നു മഞ്ചാടിക്കുരു ആണു നേടിയത്.
എന്നാല്‍ ഈ പ്രശ്നം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സെന്‍സര്‍ ബോര്‍ഡിനോട് എഴുതി ചോദിച്ചതാണെന്നു ചലച്ചിത്ര അക്കാദമി അധികൃതര്‍ പറഞ്ഞു. 2012ല്‍ ആണ് ഈ ചിത്രം സെന്‍സര്‍ ചെയ്‌തതെന്നും വീണ്ടും സെന്‍സര്‍ ചെയ്യുന്നുവെന്ന പരാമര്‍ശം പിന്‍വലിച്ചുവെന്നും സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ രേഖാമൂലം അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഈ സിനിമയെ അവാര്‍ഡിനു പരിഗണിച്ചതെന്ന് അക്കാദമി അധികൃതര്‍ വ്യക്‌തമാക്കി.