സെല്ലുലോയ്ഡിന്റെ സംവിധായകന് കമലിനെ അധിക്ഷേപിക്കരുതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്. കമലിനെതിരെയുള്ള സാംസ്കാരികമന്ത്രി കെ സി ജോസഫിന്റെ അധിക്ഷേപങ്ങള്‍ അപലപനീയമാണെന്നും വി എസ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ മികച്ച സിനിമയായി തെരഞ്ഞെടുത്ത സിനിമയുടെ സംവിധായകനെ യൂത്ത് കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരും അക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയാണ്. ഇതിന് സാംസ്കാരിക മന്ത്രി പ്രോത്സാഹനം നല്‍കുന്നത് അപലപനീയമാണ് - വി എസ് പറഞ്ഞു.
സിനിമയെ പരസ്യ സെന്‍സറിങ്ങിന് വിധേയമാക്കുന്നത് ശരിയല്ല. അങ്ങനെ വന്നാല്‍ സിനിമയും സാഹിത്യവും മുന്നോട്ടുപോകില്ല. കലാകാരന്മാരോട് ചെയ്യുന്ന അനീതിയാണ് അത്. സിനിമയെക്കുറിച്ച് എതിര്‍വാദങ്ങള്‍ ഉണ്ടെങ്കില്‍ അത് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ് വേണ്ടത് - വി എസ് പറഞ്ഞു.
സിനിമ ചരിത്രം വളച്ചൊടിച്ചെന്നാണ് മന്ത്രി കെ സി ജോസഫ് ആരോപിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തുമാകാമെന്ന് കരുതരുത്. സിനിമയില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെതിരായ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നും കെ സി ജോസഫ് പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശം കാര്യമറിയാതെയാണെന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണന് പറഞ്ഞു. കമലിന് പിന്തുണയുമായി ഫെഫ്കയും രംഗത്തെത്തിയിട്ടുണ്ട്.
കെ കരുണാകരനെ സെല്ലുലോയ്ഡില്‍ വര്‍ഗീയവാദിയായി ചിത്രീകരിച്ചത് മൂന്നാംകിട സംവിധായകനാണെന്ന് കെ മുരളീധരന് പ്രസ്താവിച്ചിരുന്നു. മൂന്നാംകിട സംവിധായകര്‍ക്ക് ദേശീയ നേതാക്കളെ അപകീര്ത്തിപ്പെടുത്താനാവില്ലെന്നും മുരളി പറഞ്ഞു.
ജെ സി ഡാനിയലിന്റെ വിഗതകുമാരനെ ആദ്യ മലയാള സിനിമയായി അംഗീകരിക്കാന്‍ അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനും അന്നത്തെ സാംസ്കാരിക സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനും വിമുഖത കാട്ടിയതായി സിനിമയില്‍ പറയുന്നുണ്ട്.