ജല്ലിക്കട്ടില്‍ ഒരു മരണം, പരുക്ക്

മധുര| WEBDUNIA| Last Modified വെള്ളി, 16 ജനുവരി 2009 (11:47 IST)
തമിഴരുടെ “വീരവിളയാട്ട്” എന്നറിയപ്പെടുന്ന ജല്ലിക്കെട്ടില്‍ പങ്കെടുക്കുന്നതിനിടയില്‍ ഒരാള്‍ കൊല്ലപ്പെട്ടു, നൂറിലധികം പേര്‍ക്ക് പരുക്ക് പറ്റി. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.

മാട്ടുപൊങ്കലായ വ്യാഴാഴ്ച കാലത്താണ് തമിഴ്‌നാട്ടില്‍ പലയിടങ്ങളിലായി ജല്ലിക്കെട്ട് അരങ്ങേറിയത്. നാനൂറിലധികം കാളകള്‍ ഇതില്‍ പങ്കെടുത്തു. മധുരൈ, തിരുച്ചി, ഡിണ്ടിക്കല്‍, തഞ്ചാവൂര്‍, പുതുക്കോട്ടൈ, രാമനാഥപുരം, ശിവഗംഗൈ, തേനി എന്നിവിടങ്ങളിലാണ് ജല്ലിക്കട്ട് അരങ്ങേറിയത്.

കാളയെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്നതിനിടെ കാളയുടെ കുത്തേറ്റും ചവിട്ടേറ്റുമാണ് ഒരാള്‍ കൊല്ലപ്പെട്ടത്. വയറില്‍ നിന്ന് കുടല്‍‌മാല പുറത്തുചാടിയ നിലയില്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചില മൈതാനങ്ങള്‍ കാളകള്‍ അമിതമായി അക്രമാസക്തമായതില്‍ നൂറിലധികം ജല്ലിക്കട്ട് വീരന്മാര്‍ക്കാണ് പരുക്ക് പറ്റിയത്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. കാളകള്‍ ഭയന്നോടിയപ്പോള്‍ ചവിട്ടേറ്റ് കാണികള്‍ക്കും ചിലയിടത്ത് പരുക്ക് പറ്റി.

തമിഴ്നാട്ടില്‍ പലയിടങ്ങളിലും ജല്ലിക്കട്ട് നടക്കുന്നുണ്ടെങ്കിലും ജില്ലയില്‍ നടക്കുന്ന ജല്ലിക്കെട്ടിനാണ് പ്രാധാന്യം. ഓരോ കാളകളെയായി, ജല്ലിക്കട്ട് മൈതാനത്തിലേക്ക് ചെറിയൊരു വാതിലിലൂടെ കടത്തിവിടുകയാണ് പതിവ്. മൈതാനത്തിലുള്ള കളിക്കാര്‍ കാളകളെ പ്രകോപിപ്പിക്കുകയും കൊമ്പിലും വാലിലും മുതുകിലും പിടിച്ച് കാളയെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുകയും ചെയ്യും.

ജല്ലിക്കട്ടില്‍ കാളകളെ പിടിച്ചുകെട്ടുന്ന വീരന്മാര്‍ക്ക് സ്വര്‍ണ്ണനാണയം, അലമാര, കയറുകൊണ്ടുണ്ടാക്കിയ കട്ടില്‍, ആട്, സൈക്കിള്‍, നിലവിളക്ക് എന്നിവയൊക്കെയാണ് സമ്മാനങ്ങളായി ലഭിക്കുക. എങ്കിലും കാണികളുടെ പ്രശംസ തന്നെയാണ് ജല്ലിക്കട്ട് വീരന്മാര്‍ക്കുള്ള ഏറ്റവും വലിയ സമ്മാനം.

ജല്ലിക്കട്ടില്‍ കാളകളെ ദ്രോഹിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞവര്‍ഷം മൃഗ സ്നേഹികളുടെ സംഘടനകള്‍ സുപ്രീം‌കോടതിയെ സമീപിച്ചിരിക്കുന്നു. ഹര്‍ജി പരിഗണിച്ച കോടതി ജല്ലിക്കട്ട് നിരോധിക്കുകയുണ്ടായെങ്കിലും തമിഴ്‌നാട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് നിരോധനം നീക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :