മുല്ലപ്പെരിയാര്‍: സാക്ഷിവിസ്താരം 13ന്

ന്യൂഡല്‍ഹി| M. RAJU| Last Modified വ്യാഴം, 31 ജൂലൈ 2008 (13:00 IST)
മുല്ലപ്പെരിയാര്‍ കേസില്‍ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള സാക്ഷി വിസ്‌താരം അടുത്ത മാസം 13-ന്‌ തുടങ്ങും. സുപ്രീം കോടതി നിയമിച്ച ജസ്‌റ്റീസ്‌ അനില്‍ദേവ്‌ സിംഗ്‌ കമ്മീഷന്‍റെ ആദ്യ സിറ്റിംഗിലാണ്‌ ഈ തീരുമാനം.

മുല്ലപ്പെരിയാര്‍ കേസില്‍ കേരളവു തമിഴ്നാട് സമര്‍പ്പിച്ചിരിക്കുന്ന അന്യായ ഹര്‍ജിയാണ്. അതിനാല്‍ നേരിട്ട് സാക്ഷിവിസ്താരം നടത്തി മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂവെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടു. കേസില്‍ വിചാരണക്കോടതിയില്‍ നടക്കുന്നതുപോലെ തന്നെ സാക്ഷിവിസ്താരം നടക്കേണ്ടതുണ്ട്.

അതിനാലാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് അനില്‍ദേവ് സിംഗിനെ കമ്മിഷനായി നിയമിച്ചത്. കമ്മിഷന്‍റെ ആദ്യ സിറ്റിംഗ് ഇന്ന് സുപ്രീംകോടതിയില്‍ നടന്നു. ഈ സിറ്റിംഗിലാണ് അടുത്ത മാസം പതിമൂന്ന് മുതല്‍ സാക്ഷിവിസ്താരം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

പതിമൂന്നിന് തമിഴ്നാടിന്‍റെ സാക്ഷിയെ കേരളം വിസ്തരിക്കും. അതിന് ശേഷം പതിനെട്ടാം തീയതി മുതല്‍ കേരളത്തിന്‍റെ സാക്ഷികളെ തമിഴ്നാടിന്‍റെ അഭിഭാഷകന്‍ വിസ്തരിക്കും. തമിഴ്നാടിന് വേണ്ടി ഒരു സാക്ഷി മാത്രമേ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളൂ. കേരളത്തിന് വേണ്ടി അഞ്ച് സാക്ഷികളുണ്ട്.

ഇതില്‍ മുല്ലപ്പെരിയാറിനെക്കുറിച്ച് പഠിച്ച വിദഗ്ദ്ധസമിതിയിലെ അംഗങ്ങളുമുണ്ട്. വിസ്താരത്തിന് ശേഷം കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി സെപ്റ്റംബറില്‍ വാദം നടത്തും. കമ്മിഷന്‍റെ ഒരു സിറ്റിംഗിന് ഒരു ലക്ഷം രൂപ ഫീസ് നല്‍കാനും തീരുമാനമായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :