പറമ്പിക്കുളം-ആളിയാര്‍ യോഗം ഇന്ന്

പാലക്കാട്| M. RAJU| Last Modified വെള്ളി, 22 ഓഗസ്റ്റ് 2008 (10:41 IST)
പറമ്പിക്കുളം-ആളിയാര്‍ സംയുക്ത ജലക്രമീകരണ യോഗം ഇന്ന്‌ പാലക്കാട്ട് ചേരും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നത ഉദ്യോഗസ്ഥരാണ്‌ യോഗത്തില്‍ പങ്കെടുക്കുക.

ഈ ജലവര്‍ഷം ആദ്യമായാണ്‌ സംയുക്ത ജലക്രമീകരണ യോഗം ചേരുന്നത്‌. ജൂണില്‍ തുടങ്ങിയ പുതിയ ജലവര്‍ഷത്തില്‍ കേരളത്തിന് ലഭിക്കേണ്ട ജലത്തിന്‍റെ അളവ് നിശ്ചയിക്കുകയും കഴിഞ്ഞ വര്‍ഷം ലഭിക്കേണ്ട ജലത്തിന്‍റെ അളവ് ഇരു സംസ്ഥാനങ്ങളും ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയുമാണ് യോഗത്തിന്‍റെ അജണ്ട.

കരാര്‍ പ്രകാരം കഴിഞ്ഞ വര്‍ഷം കേരളത്തിന് ലഭിക്കേണ്ടത് 15.82 ടി.എം.സി ജലമായിരുന്നു. എന്നാല്‍ 4.83 ടി.എം.സി ജലം മാത്രമാണ് കേരളത്തിന് കിട്ടിയത്. കുടിശിക കൂടി ഇത്തവണ ലഭിക്കേണ്ട ജലത്തിനൊപ്പം നല്‍കാന്‍ കേരളം ആവശ്യപ്പെടും. കേരളത്തിന് ലഭിക്കേണ്ട ജലം അളക്കുന്നതിന് ലോകബാങ്കിന്‍റെ സഹായത്തോടെ തമിഴ്നാട് സ്ഥാപിച്ച സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യവും ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.

ഇതിനു പുറമേ പറമ്പിക്കുളത്ത് നിന്നും തിരുമൂര്‍ത്തി അണക്കെട്ടിലേക്ക് തമിഴ്നാട് വെള്ളം കടത്തുന്നതിനെതിരെ കേരളം യോഗത്തില്‍ പ്രതിഷേധം അറിയിക്കും. മുമ്പ് നടന്ന യോഗങ്ങളില്‍ പ്രതിഷേധം ഉന്നയിച്ചെങ്കിലും വെള്ളം കൊണ്ടു പോകുന്നത് തമിഴ്നാട് ഇപ്പോഴും തുടരുകയാണെന്നാണ് കേരളത്തിന്‍റെ പരാതി.

കേരള ഷോളയാറില്‍ കഴിഞ്ഞ വര്‍ഷം വെള്ളം നിറയ്ക്കാത്തതും പറമ്പിക്കുളം മേഖലയില്‍ മഴ കുറവാ‍യതും കേരളം ആവശ്യപ്പെട്ട ജലം തമിഴ്നാട് നല്‍കാത്തതും ചര്‍ച്ചാവിഷയമാകും. യോഗത്തില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും വൈദ്യുതി, ജലവിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :