ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു
മുംബൈ: ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ ജെയ്ഷെ മുഹമ്മദിലെ അംഗങ്ങളായ പ്രതികളെ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലും മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡും (എടിഎസ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ് ചെയ്തത്.
ജെയ്ഷെ മുഹമ്മദുമായുള്ള ബന്ധത്തിന് പുറമേ പ്രതികള്‍ക്ക് ഐഎസുമായും ബന്ധമുണ്ടെന്നും ദേശീയ തലസ്ഥാനത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊസാബ് അഹ്ദം എന്ന കലാം കല്യാണ്‍, മുഹമ്മദ് ഹമദ് കല്ലറ എന്നീ പേരുകളുള്ള വ്യക്തികളെ മുംബൈയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഇരുവരെയും ഡല്‍ഹിയിലേക്ക് കൊണ്ടുപോയതായും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
