നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനും ജാമ്യം, ഫെബ്രുവരി 20ന് കേസ് വീണ്ടും പരിഗണിക്കും

നാഷണൽ ഹെറാൾഡ് കേസ് , രാഹുൽ ഗാന്ധി , സോണിയാ ഗാന്ധി
ന്യൂഡല്‍ഹി| jibin| Last Updated: ശനി, 19 ഡിസം‌ബര്‍ 2015 (15:48 IST)
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമടക്കമുള്ള ആറു പേര്‍ക്കും ഡല്‍ഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ആള്‍ ജാമ്യത്തിനു പുറമെ
50,000 രൂപ വീതമാണ് ഇരുവരും ജാമ്യത്തുകയായി കോടതിയില്‍ കെട്ടിവച്ചത്. സോണിയക്ക്​ വേണ്ടി മൻമോഹൻ സിംഗും രാഹുലിനായി അഹ്​മദ്​ പട്ടേലും ജാമ്യ ബോണ്ടിൽ ഒപ്പിട്ടു. കേസില്‍ ഇരുവരും ഇനി ഫെബ്രുവരി 20ന് വീണ്ടും ഹാജരാകണം.

ഇരുവര്‍ക്കും പുറമേ കേസില്‍ പ്രതികളായിരുന്ന കോണ്‍ഗ്രസ് നേതാക്കളായ ഓസ്കര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, മോത്തിലാല്‍ വോറ, സാം പിത്രോത എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു. അഞ്ച് മിനിറ്റ് നീണ്ടുനിന്ന നടപടികള്‍ക്കൊടുവിലാണ് എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചത്.

എന്നാല്‍ കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഇരുവര്‍ക്കും ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടു. ഇവരുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കണമെന്നും അറസ്റ് ചെയ്തു റിമാന്‍ഡില്‍ വിടണമെന്നും സ്വാമി ആവശ്യപ്പെട്ടു. ജാമ്യം നല്‍കിയാല്‍ ഇരുവരും രാജ്യം വിടുമെന്നായിരുന്നു സ്വാമിയുടെ വാദം. രാജ്യത്തു നിന്നും അപ്രത്യക്ഷമാകുന്ന സ്വഭാവം ഇരുവര്‍ക്കും ഉണ്ടെന്നും സ്വാമി വാദിച്ചു. എന്നാല്‍ സ്വാമിയുടെ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. മുതിര്‍ന്ന നേതാക്കളായ ഇവര്‍ കോടതിയെ ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അറിയിച്ചാണ് ജാമ്യം നല്‍കിയത്.

നാഷനല്‍ ഹെറാള്‍ഡിന്റെ ആസ്തി കൈയടക്കാന്‍ ക്രമക്കേട് കാട്ടിയെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയാണ് വിചാരണക്കോടതിയുടെ പരിഗണനയില്‍ വന്നത്. സമന്‍സ് ചോദ്യംചെയ്ത് ഇരുവരും നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് വിചാരണക്കോടതിയില്‍ ഹാജരായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :