ചെന്നിത്തല ഇന്ന് ഹൈക്കമാൻഡിനെ കാണും; വിവാദങ്ങള്‍ ഒഴിവാക്കാന്‍ സോണിയാ ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ട്

 ഉമ്മന്‍ചാണ്ടി , രമേശ് ചെന്നിത്തല , സോണിയാ ഗാന്ധി , എ കെ ആന്റണി
ന്യൂഡല്‍ഹി| jibin| Last Modified ശനി, 19 ഡിസം‌ബര്‍ 2015 (09:32 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തരമന്ത്രി ഹൈക്കമാൻഡിന് കത്തയച്ചെന്ന ആരോപണം സംസ്ഥാന കോണ്‍ഗ്രസിനെ വെട്ടിലാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന നേതാവ് എ കെ ആന്റണി എന്നിവരുമായി ചെന്നിത്തല ഇന്ന് കൂടിക്കാഴ്‌ച നടത്തും.

ചെന്നിത്തലയുടെ കത്ത് ലഭിച്ചതായി ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറിച്ച വിവാദങ്ങള്‍ തണുപ്പിക്കുകയാകും ദേശിയ നേതൃത്വത്തിന്റെ ലക്ഷ്യം. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ നേതൃത്വത്തെ ചെന്നിത്തല അറിയിക്കും. കത്തിലെ വിവരങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി ഐ ഗ്രൂപ്പ് വ്യക്തമാക്കിയ സാഹചര്യത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ചെന്നിത്തലയ്‌ക്ക് സോണിയാ നിര്‍ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

കത്തിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നാണ് കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടത്. കത്തയച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ അത്തരമൊരു കത്ത് എങ്ങനെ വന്നുവെന്നതിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കത്ത് വ്യാജമാണെന്നും അത്തരം ഒരു കത്ത് താന്‍ അയച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല നിര്‍വാഹകസമിതി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ഹൈക്കമാന്‍ഡിനോട് നേരിട്ട് പറയാന്‍ അറിയാം. ഹൈക്കമാന്‍‌ഡിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പറയുക തന്നെ ചെയ്യും. അല്ലാതെ ഇങ്ങനെ കത്ത് എഴുതുന്ന രീതി തനിക്കില്ല. തന്റെ ശൈലിയും രീതിയും ഇങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :