ന്യൂഡല്‍ഹി|
jibin|
Last Modified ശനി, 19 ഡിസംബര്‍ 2015 (11:08 IST)
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്ന് പട്യാലഹൗസ് കോടതിയിൽ ഹാജരാകാനിരിക്കവെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള ഉദാഹരണമാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്. ബിജെപിക്ക് പൊതുജനങ്ങള്‍ തന്നെ അര്‍ഹിക്കുന്ന മറുപടി നല്‍കും. നെഹ്‌റുവിന്റെ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരായി ബിജെപി സുസ്ഥിരമായ പ്രചരണം നടത്തി വരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയും ആര്‍എസ്എസും
അവരുടെ വളര്‍ച്ചക്കുള്ള ഏറ്റവും വലിയ ഭീഷണിയായി കരുതുന്നത് നെഹ്‌റുവിന്റെ പ്രത്യയശാസ്ത്രങ്ങളെയും നെഹ്റു കുടുംബത്തേയുമാണ്. അതുകൊണ്ട് അവരെ അപകീര്‍ത്തിപ്പെടുത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങളില്‍ മുഴുകിയിരിക്കുകയാണ് ബിജെപിയെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.
നാഷനല്‍ ഹെറാള്‍ഡിന്റെ ആസ്തി കൈയടക്കാന്‍ ക്രമക്കേട് കാട്ടിയെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയാണ് വിചാരണക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സോണിയക്കും രാഹുലിനുമെതിരെ കോടതി അയച്ച സമന്‍സ് പ്രകാരമുള്ള നടപടികളാണ് ശനിയാഴ്ച നടക്കുന്നത്. സമന്‍സ് ചോദ്യംചെയ്ത് ഇരുവരും നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് വിചാരണക്കോടതിയില്‍ ഹാജരാകുന്നത്.
കേസില്‍ ജാമ്യാപേക്ഷ നല്‍കേണ്ടതില്ല എന്ന നിലപാടാണ് സോണിയയും രാഹുലും സ്വീകരിച്ചിരുന്നത്. കേസ് ബിജെപിയുടെ പകപോക്കലായി കണ്ട് രാഷ്ട്രീയമായി നേരിടുക എന്ന സമീപനത്തിന്റെ ഭാഗമായിരുന്നു ഈ നിലപാട് .